ദുബൈ: ദുബൈയിലെ പ്രശസ്തമായ ബുര്‍ജ് ഖലീഫയ്ക്കടുത്തുള്ള അഡ്രസ് ഹോട്ടലിലാണ് വന്‍ തീപിടിത്തമുണ്ടായത്്. കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. പുതുവത്സരാഘോഷങ്ങള്‍ക്കിടെയാണ് തീപിടിത്തമുണ്ടായത്. വെടിക്കെട്ട് കാണാന്‍ ആയിരങ്ങളാണ് ഇവിടെ തടിച്ചുകൂടിയിരുന്നത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഏറെക്കുറെ ഫലംകണ്ടു.ബുര്‍ജ് ഖലീഫയ്ക്ക് എകദേശം 200 മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന കൂറ്റന്‍ കെട്ടിടമാണ് അഡ്രസ് ഡൗണ്‍ടൗണ്‍ ഹോട്ടല്‍. തീ നിയന്ത്രണാതീതമായി പടര്‍ന്നിട്ടുണ്ട്. ഹോട്ടലില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായം സംബന്ധിച്ച് റിപ്പോര്‍ട്ടില്ല. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ ആളുകള്‍ക്കു മേല്‍ വീഴുന്നുണ്ട്. ഹോട്ടലിന്റെ താഴത്തെ നില മുതല്‍ മുകളില്‍ വരെ തീ ആളിപ്പടര്‍ന്നിട്ടുണ്ട്. ബുര്‍ജ് ഖലീഫയില്‍ രാത്രി 12 മണിക്ക് നടക്കാനിരിക്കുന്ന വെടിക്കെട്ട് കാണാനായി 10 ലക്ഷത്തോളം പേര്‍ ഡൗണ്‍ ടൗണ്‍ പരിസരത്ത് കൂടി നില്‍ക്കുന്നതിനിടെയാണ് തീ പിടിത്തം. ദുബൈയിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി അഗ്‌നിശമന സേനാ വാഹനങ്ങള്‍ ഡൗണ്‍ടൗണ്‍ ഭാഗത്തേക്ക് കുതിച്ചിട്ടുണ്ട്. വെടിക്കെട്ടുമായി ബന്ധപ്പെട്ട് സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി റോഡ് ബ്ലോക്കായതിനാല്‍ വാഹനങ്ങള്‍ക്ക് തീ പിടുത്തമുണ്ടയ സ്ഥലത്തേക്ക് എത്താന്‍ കഴിയുന്നില്ല. ഹോട്ടലില്‍ എത്ര താമസക്കാരുണ്ടെന്ന് വ്യക്തമല്ല. ആര്‍ക്കും പരിക്കേറ്റതായും ഇതുവരെ റിപ്പോര്‍ട്ടില്ല. വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.