വീരനും കൂട്ടരും ഇടതുമുന്നണിയിലേക്ക്; കൃഷിമന്ത്രി കെ പി മോഹനന്‍ രാജിവെയ്ക്കും; പിണറായിക്കൊപ്പം വീരേന്ദ്രകുമാര്‍ വേദി പങ്കിടും

കോഴിക്കോട്: ഒടുവില്‍ വീരനും കൂട്ടരും ഇടതുമുന്നണിയുടെ ഭാഗമാകാന്‍ തീരുമാനിച്ചു. എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുളള ജനതാദള്‍ യുണൈറ്റഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പെത്തന്നെ ഇടതുമുന്നണിയില്‍ പ്രവേശിക്കും. ഇതിനു മുന്നോടിയായി കൃഷിമന്ത്രി കെ.പി.മോഹനന്‍ മന്ത്രിസഭയില്‍ നിന്ന് ഉടന്‍തന്നെ രാജിവെക്കും. നേരത്തെ പല ഘട്ടങ്ങളിലായി ഇത് സംബന്ധിച്ച കൂടിക്കാഴ്ചകള്‍ നടന്നെങ്കിലും ഡല്‍ഹിയില്‍ വച്ച് ഡിസംബറില്‍ ഇരുപാര്‍ട്ടികളുടെയും കേന്ദ്ര നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് അന്തിമധാരണയായത്. നിലവില്‍ ഇടതു മുന്നണിയിലുളള ജനതാദള്‍ എസുമായി ഏകീകരണത്തിനുളള ചര്‍ച്ചകളും ഇരുപക്ഷത്തെയും നേതാക്കള്‍ നടത്തുന്നുണ്ട്. കൃഷിമന്ത്രിക്ക് പുറമെ എം.വി. ശ്രേയാംസ്‌കുമാറാണ് ജനതാദള്‍ യുവിന്റെ മറ്റൊരു എംഎല്‍എ. ജനതാദള്‍ എസിനാകട്ടെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത എം.കെ.പ്രേംനാഥ് ഉള്‍പ്പെടെ നാല് എംഎല്‍എമാരുണ്ട്.

download

ഇടതുമുന്നണി പ്രവേശനത്തിനു മുന്നോടിയായിട്ടാണ് ജനതാദള്‍ നേതാവ് വീരേന്ദ്രകുമാറും, സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയനും ഇന്ന് വേദി പങ്കിടുന്നത്. വീരേന്ദ്രകുമാര്‍ രചിച്ച് സിപിഐഎമ്മിന്റെ നിയന്ത്രണത്തിലുളള ചിന്താ പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന ‘ഇരുള്‍ പരക്കുന്ന കാലം’ എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് വൈകിട്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രസക്തമായ വര്‍ഗീയ ഫാസിസത്തിനും, പ്രകൃതി ചൂഷണത്തിനുമെതിരായ ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകം. കഴിഞ്ഞമാസം തിരുവനന്തപുരത്ത് കേരള ലോയേഴ്‌സ് ക്ലബ്ബിന്റെ പീരപ്പന്‍കോട് ശ്രീധരന്‍നായര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായിട്ടും വീരേന്ദ്രകുമാര്‍ വേദി പങ്കിട്ടിരുന്നു. പ്രസംഗത്തില്‍ വിഎസിനൊപ്പം വേദി പങ്കിടാന്‍ ഭാഗ്യം ലഭിച്ചതിനെക്കുറിച്ചും വീരേന്ദ്രകുമാര്‍ പരാമര്‍ശിച്ചിരുന്നു. 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് എം.പി. വീരേന്ദ്രകുമാര്‍ ഇടതുമുന്നണി വിടുന്നതും, യുഡിഎഫിനൊപ്പം ചേക്കേറുന്നതും. തുടര്‍ന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് വീരേന്ദ്രകുമാറിനെ യുഡിഎഫ് തോല്‍പ്പിച്ചു എന്നാരോപിച്ച് തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ വീരനെ തിരികെ ഇടതുമുന്നണിയിലേക്കെത്തിക്കുന്നത്. പിണറായി വിജയനെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള വീരേന്ദ്രകുമാര്‍ എത്രയോ കാലത്തിന്‌ശേഷമാണ് വേദിപങ്കിടാനൊരുങ്ങുന്നത്.

© 2024 Live Kerala News. All Rights Reserved.