കോഴിക്കോട്ടെ ചുംബനത്തെരുവ് സംഘര്‍ഷത്തെരുവായി; ഞാറ്റുവേലയും ഹനുമാന്‍ സേനയും ഏറ്റുമുട്ടി; സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കി

കോഴിക്കോട്: മാനാഞ്ചിറയിലെ ലൈബ്രറിയ്ക്ക് സമീപമാണ് ചുംബനത്തെരുവ് സംഘടിപ്പിച്ചത്. സാംസ്‌കാരിക സംഘടനയായ ഞാറ്റുവേല കോഴിക്കോട് സംഘടിപ്പിച്ച ചുംബന സമരത്തിലാണ്‌സംഘര്‍ഷം. ഹനുമാന്‍ സേനക്കാരും കിസ് ഓഫ് സ്ട്രീറ്റ് പ്രവര്‍ത്തകരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് ചുംബന സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫാസിസത്തിനെതിരെയും അസഹിഷ്ണുതയ്‌ക്കെതിരെയുമാണ് ഞാറ്റുവേല പുതുവത്സരദിനത്തില്‍ ചുംബന സമരം സംഘടിപ്പിച്ചത്. കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്ത് രാവിലെ തന്നെ ഞാറ്റുവേല പ്രവര്‍ത്തകര്‍ ചുുംബനതെരുവിലേക്ക് എത്തിച്ചേര്‍ന്നു. എന്നാല്‍ പരിപാടി സംഘടിപ്പിക്കാന്‍ അനുവദിക്കാല്ലെന്ന നിലപാടോടെ ഹനുമാന്‍ സേന പ്രവര്‍ത്തകരും പ്രദേശത്ത് എത്തിയിരുന്നു. ഞാറ്റുവേല പ്രവര്‍ത്തകര്‍ കിസ് ഓഫ് സ്ട്രീറ്റ് എന്ന ഫാസിസത്തിനെതിരായ പ്രതിഷേധ പരിപാടി ആരംഭിച്ചതോടെ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ കൈയ്യേറ്റത്തിനൊരുങ്ങി. പ്രദേശത്ത് ഇരു വിഭാഗം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതോടെയാണ് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനിടെ കൂടുതല്‍ കിസ്സ് ഓഫ് സ്ട്രീറ്റ് പ്രവര്‍ത്തകര്‍ എത്തിയതോടെ വീണ്ടും സംഘര്‍ഷമുണ്ടായി. പി്ന്നീട് ഇവരെയും അറസ്റ്റ് ചെയ്തു. നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച കിസ് ഓഫ് ലവ് സമരത്തിന് ഞാറ്റുവേല പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോഴിക്കോടിന്റെ തെരുവില്‍ സ്‌കിറ്റ് അവതരിപ്പിച്ചും, പാട്ടുപാടിയും, നൃത്തം ചെയ്തുമായിരിന്നു പ്രതീകാത്മക രീതിയില്‍ സമരം സംഘടിപ്പിച്ചത്. സദാചാര ജീര്‍ണ്ണതകള്‍ക്കെതിരെ തെരുവു ചുംബനം, പ്രതിരോധ ചിത്രമെഴുത്തും പാട്ടും, പ്രത്യാക്രമണ നാടകം എന്നതാണ് സമരത്തിന്റെ മുദ്രാവാക്യം. കേരളത്തില്‍ ചുംബന സമരം ഉയര്‍ത്തിയ രാഷ്ട്രീയം രാഹുല്‍ പശുപാലന്റെയും രശ്മി നായരുടെയും അറസ്റ്റോടെ അവസാനിക്കാതിരിക്കുന്നതിനും കേരളത്തില്‍ ഫാസിസ്റ്റ് വിരുദ്ധ വികാരം കെടാതിരിക്കുന്നതിനുമാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറയുന്നു. തികച്ചും ജനാധിപത്യരീതിയുള്ള സമരത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

© 2024 Live Kerala News. All Rights Reserved.