കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും; ഉമ്മന്‍ചാണ്ടിയും സുധീരനും ചെന്നിത്തലയും സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തി

തിരുവനന്തപുരം :മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഒരു അപൂര്‍വ കാഴ്ച്ചയായിരുന്നു. കോണ്‍ഗ്രസിലെ പ്രമുഖരായ ഉമ്മന്‍ചാണ്ടിയും വി എം സുധീരനും രമേശ് ചെന്നിത്തലയും സംയുക്തമായി ഇന്ദിരാഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി. അടുക്കും ചിട്ടയും അച്ചടക്കവും പാലിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. കോണ്‍ഗ്രസും ഘടകകക്ഷികളുമായി നല്ല ബന്ധമാണെന്നും പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കുമെന്നും സുധീരന്‍ പറഞ്ഞു. വിഭാഗീയ പ്രവര്‍ത്തനങ്ങളില്ലാതെ നേതാക്കള്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേയ്ക്ക് ഇറങ്ങേണ്ട സമയമായിരിക്കുന്നു. സോണിയയുമായുള്ള ചര്‍ച്ച യു.ഡി.എഫിന് ഗുണകരമായെന്നും പാര്‍ട്ടിയ്ക്കുള്ളിലോ മുന്നണിയിലോ ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉയര്‍ന്നാല്‍ അതാത് തലങ്ങളില്‍ തന്നെ ചര്‍ച്ച ചെയ്ത് അവയ്ക്ക് പരിഹാരം കാണണമെന്നും സുധീരന്‍ പറഞ്ഞു. കെ.എം മാണിയുടെ പരാമര്‍ശത്തെ കുറിച്ച് അറിയില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് നടത്തുന്ന യു.ഡി.എഫിനെ വിജയത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഏറ്റവും പ്രധാന രാഷ്ട്രീയ സംരംഭമാണ് കെ.പി.സി.സി നടത്തുന്ന ജനരക്ഷാ യാത്രയെന്നും ജനുവരി നാലിന് കാസര്‍കോട് കുമ്പളയില്‍ നിന്നും ആരംഭിക്കുന്ന യാത്ര ഫെബ്രുവരി ഒന്‍പതിന് തിരുവനന്തപുരത്ത് സമാപിക്കുമെന്നും സുധീരന്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത് കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളാണെന്നും യു.ഡി.എഫും കോണ്‍ഗ്രസും എന്നും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി പ്രസിഡന്റിന്റെ വാക്കുകള്‍ പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്തിട്ടുള്ളതാണെന്നും അഭിപ്രായ വ്യത്യാസ മാറ്റിവെച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഇന്ത്യയില്‍ ബിജെപിയും സംഘപരിവാറും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനും യു.ഡി.എഫിന് ഒരു രണ്ടാംമൂഴം ഉണ്ടാകാനും കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒന്നിച്ച് നില്‍ക്കണമെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയ്‌ക്കെതിരെ ഹൈക്കമാന്റിന് അയച്ച കത്ത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘നിങ്ങളുടെ ഭാവനാ പൂര്‍ണ്ണമായ കാര്യങ്ങള്‍ക്ക് അഭിപ്രായം പറയാനില്ലെന്നും’ ചെന്നിത്തല പ്രതികരിച്ചു.

© 2024 Live Kerala News. All Rights Reserved.