എന്തായിരുന്നു 2015 നമ്മെ പഠിപ്പിച്ചത്? ചിലത് ഓര്‍ക്കാനും ഓര്‍ക്കാതിരിക്കാനും ഓര്‍മ്മിപ്പിച്ച വര്‍ഷം

സംഭവബഹുലമായ ഒരു ആണ്ട് വിടപറയുമ്പോള്‍ മറക്കാനാവാത്ത ചില സംഭവങ്ങളും മുഹൂര്‍ത്തങ്ങളും ഓര്‍ത്തെടുക്കുകയാണ് മാധ്യമ പ്രവര്‍ത്തകയായ പ്രിന്‍സി ആമി..

aami
ഒരു കാലത്തിന്റെ കലണ്ടര്‍ മറഞ്ഞു ചരിത്രത്തിന്റെ ഭാഗമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സങ്കീര്‍ണ്ണവും പ്രതീക്ഷാനിര്‍ഭരവുമായ നിരവധി സംഭവങ്ങളും
മുഹൂര്‍ത്തങ്ങളും കണ്ണില്‍ നിന്ന് ഹൃദയത്തിലേക്ക് മിന്നിമറയുന്നു. ഓര്‍മ്മകള്‍ക്ക് ചില അര്‍ഥങ്ങളും സത്യങ്ങളും കല്‍പ്പിച്ചുനല്‍കിയ പുതിയ ആണ്ടിന്റെ തണുത്തകാറ്റടിക്കുമ്പോള്‍ ലോകത്തിന്റെ നെറുകയില്‍ നിന്ന് ഇനി പുതിയ മുന്‍ നടത്തത്തിന്റെ കാല്‍പെരുമാറ്റം കേള്‍ക്കാം. കഴിഞ്ഞ ആണ്ടിന്റെ ചില മറക്കാനാവാത്ത സംഭവങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ചിന്തകള്‍ക്കാണ്് തീപിടിക്കുന്നത്. 2015 ഇല്‍ മറക്കാനാവാത്തത് ഐലാന്‍ കുര്‍ദ്ദിയെ ആണ്. അവനാണ് കൂടുതല്‍ ചിന്തിച്ചതും ചിന്തിപ്പിച്ചതും. ശാന്തമായി നൃത്തമാടുന്ന തിരമാലക്കൈകള്‍ തുര്‍ക്കി കടലോരത്തെ പഞ്ചാരമണലില്‍ കൊണ്ട്‌പോയി നിന്നെ കമിഴ്ത്തി ക്കിടത്തി താരാട്ട് പാടുമ്പോള്‍ കടലമ്മപോലും ശപിചിട്ടുണ്ടാകും ഈ ലോകത്തെ. ലോക മനസാക്ഷിയെ തൊട്ടുണര്‍ത്തി കടന്നുപോയവന്‍. ദൈവത്തിന്റെ കൈപോലും അവന്റെ കുഞ്ഞുടലില്‍ തൊട്ടില്ലല്ലൊയെന്ന് തോന്നയപ്പോയ നിമിഷങ്ങളെ ശപിക്കാതെ വയ്യ. കൊടുംക്രൂരതയുടെ മറ്റൊരധ്യായം കൂടി കൂട്ടിച്ചേര്‍ത്ത് അന്താരാഷ്ട്ര ഭീകര സംഘടനയായ ഐസിസ്. മനുഷ്യന്റെ പല മുഖങ്ങളില്‍ ഏറ്റവും മൃഗീയവും ഭീകരവുമായവരെ അറിഞ്ഞതും കണ്ടതും ഐസിസില്‍ ആണ്. മതഭ്രാന്തിന്റെ പേരില്‍ അവര്‍ മനുഷ്യരെ ക്രൂരമായി കൊലപ്പെടുത്തുന്നതും മനുഷ്യരായി പിറന്നവര്‍ക്ക് ചേര്‍ന്നതല്ലായിരുന്നു. സിറിയയിലെ റാഖയില്‍ നിന്ന് അടിമകളാക്കി പിടിച്ച യസീദി സ്ത്രീകളെ നഗ്‌നരാക്കി പീഡിപ്പിക്കുക,പീഡിപ്പിച്ച സ്ത്രീകളെ ലേലം വിളിക്കുക,കരുണാവാരിധിയായ അല്ലാഹുവിലേക്ക് ആളുകളെ ക്ഷണിക്കേണ്ടത് കത്തി കാണിച്ചുകൊണ്ടാണെന്ന് പഠിപ്പിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ ഇസ്‌ലാമിന്റെ ശത്രുക്കളാണെന്ന് തിരിച്ചറിയുവാന്‍ പ്രബോധകര്‍ക്ക് കഴിയണം. ലോകങ്ങള്‍ക്കു മുഴുവന്‍ കാരുണ്യമായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബി (സ) പഠിപ്പിച്ച ഇസ്‌ലാമിന്റെ പേരില്‍ ക്രൂരമായ ഗോത്രവര്‍ഗാചാരങ്ങള്‍ പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ ആരായിരുന്നാലും അവരോട് നിങ്ങളല്ല ഇസ്‌ലാമിന്റെ കാവല്‍ക്കാര്‍ എന്നു പ്രതിഷേധിക്കുവാന്‍ നമുക്ക് ചങ്കൂറ്റമുണ്ടാകണം.

2
ഫ്രാന്‍സില്‍ ജര്‍മന്‍ യാത്രാവിമാനം തകര്‍ന്നു 150 പേര്‍ മരിച്ചു. എയര്‍ബസ് എ320 ആല്‍പ്‌സ് പര്‍വതനിരകളിലാണ് തകര്‍ന്നുവീണത്. വിമാനത്തിന്റെ സഹപൈലറ്റ് മനപ്പൂര്‍വം അപകടമുണ്ടാക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് ഇപ്പോഴും അധികൃതര്‍. ഐഎസിനെതിരായ യുദ്ധമുന്നണിയില്‍ ഫ്രാന്‍സ് ചേര്‍ന്നതിന്റെ പ്രതികാരമായിരുന്നു പാരീസ് ആക്രമണം. പാരിസിലെ ചാര്‍ലി എബ്ദോ എന്ന പ്രമുഖ മാധ്യമത്തിന്റെ ഓഫീസ് തകര്‍ക്കുകയും പത്രാധിപരെ ഉള്‍പ്പെടെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു ഭീകരര്‍. കൂടാതെ ം അണയാത്ത ദീപങ്ങളുടെ നഗരിയെന്ന് പേരെടുത്ത പാരീസില്‍ മൂന്നിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 129 പേര്‍ മരിച്ചു ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിന് നവംബര്‍ 14 സാക്ഷിയായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. മധ്യപാരീസിലെ ബാറ്റക്‌ളാന്‍ തിയറ്ററില്‍ റോക്ക് സംഗീതനിശ ആസ്വദിക്കാനെത്തിയവര്‍ക്കുനേരെ, ഭീകരര്‍ ബന്ദിയാക്കിയശേഷം നിര്‍ദയം വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ലോകം കണ്ട ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നിന് 2015 സാക്ഷ്യംവഹിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ വിറപ്പിച്ച് ഏപ്രില്‍ 25ന് നേപ്പാളിലുണ്ടായ ഭൂകമ്പം ആറായിരത്തിലേറെ പേരുടെ ജീവനെടുത്തു. മരണം പതിനായിരം കവിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ എഴുപതിലേറെ പേര്‍ മരിച്ചു. 7.9 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം ചൈന, ബംഗ്‌ളാദേശ്, പാകിസ്ഥാന്‍, ടിബറ്റ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. എവറസ്റ്റ്് കൊടുമുടിയില്‍ കൂറ്റന്‍ ഹിമാതമുണ്ടായി പര്‍വ്വതാരോഹകര്‍ മരിച്ചു. നേപ്പാളിലെ രണ്ടാമത്തെ പ്രധാന നഗരമായ പൊഖ്‌റയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയായിരുന്നു പ്രഭവ കേന്ദ്രം.കാഠ്മണ്ഡുവിലെ ചരിത്രപ്രസിദ്ധമായ ധാരഹാര ഗോപുരം തകര്‍ന്നു. ഹജ്ജ് തീര്‍ഥാടന കാലയളവില്‍ രണ്ടാഴ്ചയുടെ വ്യത്യാസത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് സൌദി അറേബ്യയില്‍ സംഭവിച്ചത്. സെപ്തംബര്‍ 11ന് വെള്ളിയാഴ്ച ‘വിശുദ്ധ പള്ളി’ എന്നറിയപ്പെടുന്ന മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിനുസമീപം ക്രെയിന്‍ തകര്‍ന്ന് 111 പേര്‍ മരിച്ചു. ഇന്ത്യക്കാരായ 11 പേരും മരിച്ചു. 12 രാഷ്ട്രങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

3

സെപ്തംബര്‍ 24ന് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് മിനായില്‍ സംഭവിച്ചത്. മക്കയ്ക്കടുത്ത് മിനായില്‍ തിക്കിലും തിരക്കിലും രണ്ടായിരത്തി ഇരുനൂറിലധികം തീര്‍ഥാടകര്‍ മരിച്ചു. ഇന്ത്യക്കാരായ 114 പേര്‍ മരിച്ചു. ഹജ്ജിന്റെ പ്രധാന കര്‍മമായ ജംറയിലെ കല്ലേറിനായി മിനായില്‍നിന്ന് നീങ്ങുന്ന തീര്‍ഥാടകരാണ് തിക്കിലും തിരക്കിലുംപെട്ടത്. ഹജ്ജ് തിരക്ക് കൈകാര്യം ചെയ്യുന്നതില്‍ സൌദി അറേബ്യയുടെ പിടിപ്പുകേടിനെ ചൊല്ലി അറബ്രാഷ്ട്രങ്ങളില്‍നിന്നുപോലും വിമര്‍ശമുയര്‍ന്നു.
ദൈവ ശാസ്ത്ര മേഖലയില യാഥാസ്ഥിതികനായി അറിയപ്പെടുന്ന ഫ്രാന്‍സിസ്മാര്‍പാപ്പയുടെ ശബ്ദം 2015ന്റെ പ്രത്യാശയായി. സഭ ദാരിദ്രത്തിന്റെയും സമാധാനത്തിന്റെയും പാപ്പ, അമേരിക്ക- ക്യൂബ ബന്ധം ശക്തമാക്കാന്‍ മധ്യസ്ഥനായ മാര്‍പാപ്പ ഉപഭോക്തൃസംസ്‌കാരത്തിനെതിരായ തന്റെ ഉറച്ച നിലപാട് ഉയര്‍ത്തിപ്പിടിച്ചു. ഫിലിപ്പീന്‍സ് സന്ദര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാനെത്തിയത് 60 ലക്ഷംപേര്‍. ഇതൊരു ലോകറെക്കോഡാണ്. ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച മാര്‍പാപ്പ ക്യൂബന്‍ വിപ്‌ളവനായകന്‍ ഫിദല്‍ കാസ്‌ട്രോയുമായും കൂടിക്കാഴ്ച നടത്തി. വിവാഹമോചിതരോടും പുനര്‍വിവാഹിതരോടുമുള്ള നിലപാട് മയപ്പെടുത്താന്‍ കത്തോലിക്ക ബിഷപ്പുമാരുടെ സിനഡ് തീരുമാനിച്ചു. ചൊവ്വയില്‍ ഇപ്പോഴും ഇടയ്ക്കിടെ വെള്ളം ഒഴുകുന്നുണ്ടെന്നതിന്റെ ശക്തമായ തെളിവ് നാസ പുറത്തുവിട്ടു. ചൊവ്വയുടെ മലയിടുക്കുകളിലൂടെ സ്ഥിരമായി വെള്ളം ഒഴുകിയതിന്റെ പാടുകളാണ് നാസയുടെ പര്യവേക്ഷണവാഹനമായ ഓര്‍ബിറ്റര്‍ പുറത്തുവിട്ടത്. ജപ്പാനില്‍ വോട്ട് ചെയ്യാനുള്ള പ്രായം 22ല്‍നിന്ന് പതിനെട്ടായി കുറച്ചു. രാഷ്ട്രീയത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം. ജപ്പാനില്‍ 24 ലക്ഷം യുവജനങ്ങള്‍ക്കുകൂടി ഇതോടെ വോട്ടവകാശം ലഭിച്ചു.ചൈന ഒറ്റക്കുട്ടിനയം ഔദ്യോഗികമായി അവസാനിപ്പിച്ചു. രാജ്യത്തെ തൊഴില്‍ശക്തി കുറയുന്നുവെന്ന വിലയിരുത്തലിനെതുടര്‍ന്നാണ് മൂന്നരപ്പതിറ്റാണ്ടായി തുടര്‍ന്ന നയം പുനഃപരിശോധിക്കാന്‍ ചൈന തീരുമാനിച്ചത്. ലോകത്തെത്തന്നെ ഞെട്ടിപ്പിച്ചു പ്രളയത്തില്‍ മുങ്ങിയ ചെന്നൈ നഗരത്തിന്റെ ദയനീയവാസ്ഥ കാട്ടിതന്ന വര്‍ഷം.

5

ദാദ്രിയില്‍ മാട്ടിറച്ചി സൂക്ഷിച്ചെന്ന് പറഞ്ഞ് മധ്യവയസ്‌കനെ ആള്‍കൂട്ടം തല്ലിക്കൊന്നപ്പോള്‍ രാജ്യത്ത് അസഹിഷ്ണുതയുടെ ചര്‍ച്ചകള്‍ ഉയര്‍ന്നുതുടങ്ങി. രജനീകാന്തും ഷാരൂക് ഖാനുംആമര്‍ഖാനും എ ആര്‍ റഹ്മാനുമൊക്കെ സംഘ്പരിവാര്‍ അസഹിഷ്ണുതയെക്കുറിച്ച് ആഞ്ഞടിച്ചപ്പോള്‍, മദ്രസാ പഠനകാലത്ത് അധ്യാപകന്റെ പീഡനകഥകള്‍ എഫ്ബിയില്‍ കുറിച്ചപ്പോള്‍ വി പി റജീനയെന്ന മാധ്യമപ്രവര്‍ത്തകയെ മുസ്ലിം മതമൗലീകവാദികള്‍ കല്ലെറിഞ്ഞപ്പോള്‍ അതും അസഹിഷ്ണുത ചര്‍ച്ചയായി പരിണമിച്ചു. തൃശൂര്‍ ഒല്ലൂരില്‍ ചര്‍ച്ച് കമ്മിറ്റിയുടെ വെടിക്കെട്ടിനെതിരെ കോടതിയെ സമീപിച്ച റാഫേലിന്റെ മകന്റെ വിവാഹം മുടക്കാന്‍ ഇടവകാംഗങ്ങള്‍ റോഡിലിറങ്ങിയപ്പോള്‍ അസഹിഷ്ണുതയുടെ മറ്റൊരു ഉദാഹരണകൂടി സോഷ്യല്‍ മീഡിയ എഴുതിച്ചേര്‍ത്തു. ബാര്‍ കോഴക്കേസില്‍ ധനമന്ത്രിയായിരുന്ന കെ എം മാണി രാജിവെച്ച വര്‍ഷംകൂടിയാണിത്.
സംസ്ഥാന ബജറ്റിനിടെ നിയമസഭയില്‍ അരങ്ങേറിയ സംഭവങ്ങള്‍ സംസ്ഥാനത്തിനുണ്ടാക്കിയ നാണക്കേട് ഓര്‍മ്മിപ്പിച്ച വര്‍ഷം. വെള്ളാപ്പള്ളി നടേശന്റെ യാത്രയും എസ്എന്‍ഡിപിയുടെ പാര്‍ട്ടിയായ ബിഡിജെസിന്റെ പിറവിയും കോഴിക്കോട് നൗഷാദിന്റെ മരണവും നഷ്ടപരിഹാരത്തെച്ചൊല്ലിയുള്ള വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള സന്ദര്‍ശനവും ഉള്‍പ്പെടെ കടന്നുപോയ വര്‍ഷം. നൗഷാദിനെ പോലെ വയനാട്ടിലെ ആദിവാസിയായ ബാബുവും നാടിന്റെ ദു:ഖമായ വര്‍ഷം. ഇനി ഓര്‍മ്മിക്കാതെ വിട്ട സംഭവങ്ങള്‍ വേറെയുമുണ്ടാകും. പിന്നെ പതിവ് പോലെ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ ബീഫ്, ബാര്‍,സരിത ഇങ്ങനെ ഇങ്ങനെ ഈ വര്‍ഷം….

© 2024 Live Kerala News. All Rights Reserved.