കെ എം ഷാജിയുടെ പ്രസംഗം അതിരുവിട്ടു; ലിംഗ സമത്വത്തിന് വേണ്ടി മുന്നിട്ടിറങ്ങിയവര്‍ ഭാര്യയെ കൂട്ടിക്കൊടുക്കുന്നവരെന്ന് എംഎല്‍എ; വിവാദ പ്രസംഗം ദുബൈയില്‍

ദുബൈ: മുസ്ലിംലീഗില്‍ മന്ത്രി എം കെ മുനീര്‍ കഴിഞ്ഞാല്‍ പിന്നെ കെ എം ഷാജി എംഎല്‍എയാണ് പുരോഗമവാദിയെന്നാണ് വെപ്പ്. എന്നാല്‍ ഇത് വെറും മുടന്തന്‍ ന്യായമാണെന്ന് ഷാജി തന്നെ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും മ്ലേച്ഛമായ രീതിയില്‍ ലിംഗസമത്വത്തെയും കോഴിക്കോട് ഫറൂഖ് കോളജ് വിഷയത്തിലും ഷാജി പ്രസംഗിക്കുന്നത് കേരളം കണ്ടുതുടങ്ങുന്നു. തികച്ചും യാഥാസ്ഥിതികമായ ജല്‍പ്പനങ്ങളെന്ന് ജനംപറഞ്ഞുതുടങ്ങി. ഫറൂഖ് കോളജിലെ ലിംഗ സമത്വത്തിന് വേണ്ടി മുന്നിട്ടിറങ്ങിയവര്‍ ഭാര്യയെ കൂട്ടിക്കൊടുക്കുന്ന വൃത്തികെട്ടവന്മാരാണെന്ന അഭിപ്രായമാണ് അവസാനമായി കെ.എം ഷാജി എം.എല്‍.എ പറഞ്ഞത്. അള്ളാഹുവിന്റെ സഹായത്താല്‍ ആ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവന്‍ സമൂഹത്തിന് മുന്നില്‍ നാറുന്നത് കാണാനായെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് കെ.എം ഷാജി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുന്ന പ്രഖ്യാപനം നടത്തിയത്.

സ്വന്തം ഭാര്യയെ കൂട്ടിക്കൊടുക്കുന്ന വൃത്തികെട്ടവന്മാരായിട്ടുള്ള കുറെ ആളുകള്‍ വന്നിട്ടാണ് ഫാറൂഖ് കോളേജില്‍ ആണും പെണ്ണും ഇടകലര്‍ന്നിരിക്കണമെന്ന് പറയുന്നത്. നമ്മുടെ നാട്ടില്‍ വലിയ ആക്ടിവിസ്റ്റുകളാണ്. കേരളത്തിലെ ഒരു രക്ഷിതാവും അംഗീകരിക്കാത്ത ഒരു പ്രശ്‌നം ഫാറൂഖ് കോളേജിന് മേല്‍ ആക്ഷേപിക്കുന്നതും അതിന്റെ മറവില്‍ ഇവരൊക്കെ പിന്തിരിപ്പന്മാരാണ് എന്ന് പ്രചരിപ്പിക്കുന്നതും. പക്ഷെ അള്ളാഹുവിന്റെ സഹായം കൊണ്ട് ഈ പ്രചരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവന്‍ ദിവസങ്ങള്‍ക്കുള്ളില്‍ സമൂഹത്തിന് മുമ്പില്‍ നാറിപ്പോകുന്നതും കാണാന്‍ കഴിഞ്ഞുവെന്നും ഷാജി പറഞ്ഞു. അതേസമയം മദ്രസ വിവാദത്തെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ കേവലം ഒന്നോ രണ്ടോ ആളുകള്‍ ചെയ്തുകൂട്ടിയ തോന്നിവാസത്തിന്റെ പേരില്‍ മദ്രസയെ ആശ്രയിക്കുന്ന പാവങ്ങളെയെല്ലാം രാജ്യത്തെ കുഴപ്പക്കാരാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഫാറൂഖ് വിവാദം കത്തി നില്‍ക്കുമ്പോഴാണ് മദ്രസ വിവാദം കൊണ്ടുവരുന്നത് അതും മാധ്യമത്തിലെ ഒരു എഴുത്തുകാരി. മദ്രസയ്ക്കകത്താണ്രേത സര്‍വ്വത്ര കുഴപ്പം. എവിടെയാണ് പ്രശ്‌നങ്ങളില്ലാത്തത്. അമ്പലങ്ങളിലെ പൂജാരിമാര്‍ പിടിക്കപ്പെടുന്നില്ലേ? ചര്‍ച്ചുകളിലെ വൈദികന്മാര്‍ പിടിക്കപ്പെടുന്നില്ലേ? മദ്രസകളിലെ ഉസ്താദുമാരും പിടിക്കപ്പെടുന്നുണ്ട്. കേരളം ചര്‍ച്ച ചെയ്ത എല്ലാ മോശമായ പ്രവണതകളെയും കണ്ണടച്ച് ന്യായീകരിക്കുന്ന സമീപനമാണ് കെഎം ഷാജി കൈക്കൊണ്ടതെന്ന് ഇതിലൂടെ വ്യക്തം.

© 2024 Live Kerala News. All Rights Reserved.