ശ്രീനാരായണ ഗുരുവിന്റെ പേരില്‍ വര്‍ഗീയത കാണിക്കുന്നു; ജനങ്ങളെ ഭിന്നിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും സോണിയാഗാന്ധി

വര്‍ക്കല: ശ്രീനാരായണ ഗുരുവിന്റെ പേരില്‍ വര്‍ഗീയത കളിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ ഒറ്റപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശിവഗിരിയിലെ 83ാം തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുളളവര്‍ കേരളത്തിലെത്തി കണ്ടത് ഗുരു വിപ്ലവകാരകിയായതുകൊണ്ടായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ സാമൂഹിക നീതിയുടെ ദര്‍ശനങ്ങള്‍ ഇന്നും കാലിക പ്രസക്തിയേറിയതാണ്. കേരളത്തെ സാമൂഹികമായി ശാക്തീകരിക്കുന്നതില്‍ എസ്എന്‍ഡിപി യോഗത്തിന്റെ ഇടപെടലുകളോടെ ആര്‍.ശങ്കര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചതെന്നും സോണിയ ഗാന്ധി പറഞ്ഞു. ജനങ്ങളെ പ്രബുദ്ധരാക്കുന്നതിനായി ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പിന്തുടരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി രാവിലെ തിരുവനന്തപുരത്ത് വിമാനമിറങ്ങി. തുടര്‍ന്നാണ് ഹെലികോപ്റ്ററില്‍ വര്‍ക്കലയില്‍ എത്തി സമ്മേളനം ഉദ്ഘാടനം ചെയ്തത്. ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധര്‍മപതാക ഉയര്‍ത്തിയതോടെയാണ് തീര്‍ത്ഥാടനത്തിന് ഔദ്യോഗിക തുടക്കമായത്. ഗുരുദര്‍ശനങ്ങള്‍ക്ക് ഇന്നും പ്രസക്തി നഷ്ടപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു വര്‍ഗീയ ശക്തിക്കും അത് തകര്‍ക്കാനാവില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.