മലപ്പുറം സ്വദേശി ഐഎസ്‌ഐ വനിതകളുടെ വ്യാജ ഫെയ്‌സ് ബുക്ക് ഐഡി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ വശീകരിച്ചു; പാക് ചാരസംഘടനയ്ക്ക് തന്ത്രപ്രധാന രഹസ്യങ്ങള്‍ കൈമാറി

ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്നു ഡല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയ ഭട്ടിന്‍ഡ വ്യോമസേനാ കേന്ദ്രത്തിലെ ലീഡിങ് എയര്‍ക്രാഫ്റ്റ്മാന്‍ (എല്‍എസി) മലപ്പുറം സ്വദേശി കെ.കെ. രഞ്ജിത്താണ് രാജ്യത്തെ തന്ത്രപ്രധാന രഹസ്യങ്ങള്‍ ഐഎസ്‌ഐയ്ക്ക് ചോര്‍ത്തിക്കൊടുത്തത്. പ്രതിരോധസേനയുടെ ഭാഗമായ ഉദ്യോഗസ്ഥരെ വശീകരിക്കാന്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ വനിതകളുടെ വ്യാജ ഫെയ്‌സ്ബുക്ക് ഐഡികള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. വനിതകളുടെ ഫോട്ടോകളാണു ഫെയ്‌സ്ബുക്ക് പേജിലും നല്‍കുന്നത്. ഇതുപയോഗിച്ചാണ് ഉദ്യോഗസ്ഥരെ ‘വളയ്ക്കുന്നത്.’ തുടക്കം ഫെയ്‌സ്ബുക്ക് സന്ദേശമാണ്. വിശ്വാസ്യത നേടിയാല്‍ ഫോണ്‍ വിളിക്കും. ഇവര്‍ സിം കാര്‍ഡുള്ള ഫോണില്‍ നിന്നു വിളിക്കില്ല, പകരം ഇന്റര്‍നെറ്റ് അനുബന്ധ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. പാക്ക് ചാരസംഘടന ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്നു സംശയത്തില്‍ പിടിയിലായ മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന്‍ രഹസ്യ വിവരങ്ങള്‍ കൈമാറിയത് ജമ്മു-കശ്മീരിലെ ഒരു വനിതയുമായി. പോര്‍വിമാനങ്ങളുടെ വിന്യാസം സംബന്ധിച്ച സൂചനകള്‍ ഇവര്‍ക്ക് കൈമാറിയെന്നാണ് സൂചന. സ്ത്രീ കഥാപാത്രം സാങ്കല്‍പികം മാത്രമാണെന്നും പാക്ക് രഹസ്യാന്വേഷണ ഏജന്‍സി നിയോഗിച്ച ആളാണ് അതെന്നും പൊലീസ് പറഞ്ഞു. രഞ്ജിത് അഞ്ചുവര്‍ഷമായി എല്‍എസിയായി ജോലിചെയ്യുന്നു. വ്യോമസേനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഇയാള്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സുരീന്ദര്‍ സന്ധു പറഞ്ഞു. ഈയിടെ നടന്ന വ്യോമാഭ്യാസ പ്രകടനം സംബന്ധിച്ച വിവരം കൈമാറി. കൂടാതെ, പോര്‍വിമാനങ്ങളുടെ നീക്കം, വിവിധ വ്യോമസേനാ കേന്ദ്രങ്ങളില്‍ വിമാനങ്ങളുടെ വിന്യാസം തുടങ്ങിയ വിവരങ്ങളും കൈമാറിയിട്ടുണ്ട്. രഹസ്യ വിവരങ്ങള്‍ക്കുള്ള പ്രതിഫലമായി രഞ്ജിത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിരുന്നു. ബ്രിട്ടന്‍ ആസ്ഥാനമായുള്ള മാസികയുടെ പ്രതിനിധി എന്ന പേരില്‍ ബ്രിട്ടിഷ് ഇംഗ്ലിഷ് ഉച്ചാരണ ശൈലിയിലാണു യുവതി സംസാരിച്ചിരുന്നത്. ദമിനി മക്‌നോട്ട് എന്നു പേരു വെളിപ്പെടുത്തിയെങ്കിലും അതു വ്യാജമാണെന്നാണു പൊലീസ് പറയുന്നത്. ഇത്തരത്തില്‍ ഐഎസ്‌ഐയുടെ ചാരക്കെണിയില്‍ കുടുങ്ങിയവരെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.