മദ്യ ഉപഭോഗത്തില്‍ ക്ലബുകള്‍ക്ക് നിയന്ത്രണമില്ല; അബ്കാരി നിയമത്തിലെ പഴുതുകളിലൂടെ സര്‍ക്കാറിന് കോടികളുടെ നഷ്ടം

തിരുവനന്തപുരം: ബാറുകള്‍ക്ക് മരണമണി വീണിട്ടും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആഢംബര ക്ലബുകളിലൂടെ സര്‍ക്കാറിന് പ്രതിവര്‍ഷം കോടികളുടെ നഷ്ടമുണ്ടാകുന്നു. ക്ലബുകള്‍ക്കാവട്ടെ 16 ലക്ഷം രൂപയാണ് ബാര്‍ലൈസന്‍സിന്. ബാറില്‍ പെര്‍മിറ്റ് ഹാളിന് പുറത്ത് മദ്യം വിളമ്പണമെങ്കില്‍ പ്രത്യേക തുകയടയ്ക്കണം. പെര്‍മിറ്റ് മുറികള്‍ക്ക് ലൈസന്‍സുള്ള ക്ലബുകള്‍ക്ക് ലോണിലും ക്ലബ് റസ്‌റ്റോറന്റുകളിലുമൊക്കെ നിര്‍ബാധം മദ്യം വിളമ്പുമ്പോള്‍ ഈയിനത്തില്‍ സര്‍ക്കാറിന് ഒരു രൂപപോലും ലഭിക്കുന്നില്ല. മാത്രമല്ല ക്ലബുകളില്‍ നിന്ന് മദ്യം പാഴ്‌സലായി പുറത്തേക്കു പോകുന്നുമുണ്ട്. നിലവിലെ അബ്കാരി നിയമമനുസരിച്ച് ബിവറജ് ഔട്ട് ലെറ്റുകളില്‍ നിന്നാണ് മാത്രമാണ് മദ്യം പാഴ്‌സല്‍ നല്‍കാവു. ബാറുകളും ഇത് നഗ്‌നമായി ലംഘിക്കപ്പെടുന്നുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് സംസ്ഥാന പല സ്ഥാപനങ്ങളും  ഇത്തരത്തില്‍ നിയമംലംഘിക്കുന്നത്. സംസ്ഥാനത്ത് 33 ക്ലബുകള്‍ക്കാണ് മദ്യം വിളമ്പാനുള്ള ലൈസന്‍സ് ഉള്ളത്. സ്ംസ്ഥാനത്തെ ഒരു ചെറിയ ക്ലബില്‍പോലും പ്രതിദിനം കുറഞ്ഞത് ലക്ഷത്തിന്റെ മദ്യം ചിലവാകുന്നുണ്ട്. ക്രിസ്മസ്, പുതുവര്‍ഷം പ്രമാണിച്ച് ഇത് കുത്തനെ വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പുതുവര്‍ഷത്തിലുള്‍പ്പെടെ അനുവദനീയമായതിലും കൂടുതല്‍ മദ്യം ക്ലബുകളിലൂടെ ഒഴുകുമെന്നിരിക്കെ എക്‌സൈസ് വകുപ്പ് ഇത് സംബന്ധിച്ച് യാതൊരു മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ല. ക്ലബുകള്‍ക്കുള്ള ബാര്‍ലൈസന്‍സുകളിലും വലിയ തോതിലുള്ള ക്രമക്കേടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിലവിലെ ക്ലബ് സെക്രട്ടിയാവണം ലൈസന്‍സിയെന്നാണ് വ്യവസ്ഥ. എന്നാല്‍ ക്ലബ് സെക്രട്ടറി മാറിയാല്‍പോലും പഴയ ആളുകളുടെ പേരില്‍തന്നെ ലൈസന്‍സ് തുടരുന്നുണ്ട്. ഇത് അന്വേഷിച്ച് നടപടിയെടുക്കാന്‍ അധികൃതര്‍ വിമുഖത കാട്ടുന്നതായും ആക്ഷേപമുണ്ട്.

© 2024 Live Kerala News. All Rights Reserved.