റാഫേലിന്റെ പോരാട്ടത്തിന് മുന്നില്‍ പള്ളിക്കാര്‍ മുട്ടുമടക്കി; മകന്റെ വിവാഹം നടത്തിക്കൊടുക്കും; കൂടാതെ നഷ്ടപരിഹാരവും

തൃശൂര്‍: സമുദായവും ഇടവകയും ഒറ്റകെട്ടായി നിന്നിട്ടും റാഫേലിന്റെ പോരാട്ടത്തിന് മുന്നില്‍ പള്ളിക്കാരും പതറി വീണു. പള്ളിക്കും വികാരിക്കുമെതിരേ കേസ് കൊടുത്തതിന് വിലക്ക് നേരിട്ട റാഫേലിന്റെ പോരാട്ടമാണ് ഒടുവില്‍ വിജയിച്ചിരിക്കുന്നത്. കളക്റ്ററുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ പള്ളിയില്‍ നടത്തിയ വെടിക്കെട്ടിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ റാഫേലിന്റെ വീടിന് നഷ്ടപരിഹാരം നല്‍കാമെന്നും, നേരത്തെ പള്ളി നടത്തിക്കൊടുക്കില്ലെന്ന് പറഞ്ഞ മകന്റെ വിവാഹം നിശ്ചയിച്ച ദിവസം തന്നെ നടത്തിക്കൊടുക്കാമെന്നും അധികൃതര്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്ക് അന്ത്യമായത്. നഷ്ടപരിഹാരം നല്‍കാമെന്ന് അറിയച്ചതിനെ തുടര്‍ന്ന് പള്ളിക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെന്ന് റാഫേലും അറിയിച്ചിട്ടുണ്ട്. പള്ളിയില്‍ നിന്നും കിട്ടുന്ന തുക കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് റാഫേല്‍ പറഞ്ഞു. അതേസമയം വരുംവര്‍ഷങ്ങളില്‍ ഒല്ലൂര്‍പള്ളിയിലെ തിരുന്നാള്‍ വെടിക്കെട്ട് നിയമാനുസൃതം മാത്രമെ നടത്താവു എന്ന് കളക്റ്റര്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഞായറാഴ്ചയിലെ നാലു കൂര്‍ബാനകളിലും റാഫേലിനും കുടുംബത്തിനും ഉണ്ടായ മാനസിക വിഷമത്തില്‍ ഇടവക സമൂഹം ഖേദിക്കുന്നതായി വികാരിയുടെ പ്രസംഗത്തില്‍ പറയാമെന്നും കളക്റ്ററുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.
നേരത്തെ പ്രശസ്തമായ ഒല്ലൂര്‍ പള്ളി തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന വെടിക്കെട്ടിന്റെ തീവ്രത കുറക്കണം എന്നാവശ്യപ്പെട്ടാണ് ക്രിസ്തീയ വിശ്വാസിയായ റാഫേല്‍ പള്ളി അധികാരികള്‍ക്ക് നേരത്തെ കത്ത് നല്‍കിയത്. എന്നാല്‍ ഇതിനെ ഇടവക വകവെയ്ക്കാത്തതിനെ തുടര്‍ന്നാണ് റാഫേല്‍ പള്ളി വികാരിക്കും, ട്രസ്റ്റിമാര്‍ക്കും എതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് ഹൈക്കോടതി ഇയാളുടെ പരാതി അംഗീകരിച്ച് വെടിക്കെട്ട് സ്റ്റേ ചെയ്യുകയും കാര്യങ്ങള്‍ പരിശോധിച്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു. പഴയകാല ആചാരങ്ങളുടെ ഭാഗമായി വരുന്ന ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കുന്ന 2007ലെ ഒരു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പഴയ രീതിയില്‍ തന്നെ വെടിക്കെട്ട് നടത്താന്‍ എഡിഎം അനുവാദം നല്‍കി. റാഫേലിന്റെ കുടുംബത്തെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ലക്ഷക്കണക്കിന് പേര്‍ പ്രതികരിക്കുകയും കുടുംബത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.