ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ ബാര്‍ ഉടമകള്‍ നല്‍കിയ കേസില്‍ സുപ്രീംകോടതി വിധി സര്‍ക്കാറിന് അനുകൂലം. മദ്യനിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്ന് സുപ്രീകോടതി വ്യക്തമാക്കി. ബാറുടമകളുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. സര്‍ക്കാറിന് മദ്യനയം തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതോടെ 324 ബാറുകളും തുറക്കില്ല. ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ബാറുടമകള്‍ നല്‍കിയ കേസിലാണ് സുപ്രീംകോടതി വിധി. 24 ഫെവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്കൊപ്പം, ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ പദവിയുളള 300ഓളം ബാറുകളുമാണ് അടച്ചിടുക. ഫൈവ് സ്റ്റാര്‍ പദവിയുള്ള 27 ബാറുകള്‍ മാത്രമാകും തുറക്കുക. മദ്യപാനം മൗലികാവകാശമല്ലെന്നും മദ്യനയത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. ഇത് ഹൈക്കടോതി ശരിവച്ചതിന് പിന്നാലെയാണ് സുപ്രീം കോടതിയും സര്‍ക്കാറിന് അനുകൂലമായി വിധി പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ശരിവച്ച് 2015 മാര്‍ച്ചില്‍ കേരള ഹൈക്കോടതി നടത്തിയതും മദ്യപാനം മൗലികാവകാശമല്ല എന്ന പരാമര്‍ശം ആയിരുന്നു. കോടതി വിധി സ്വാഗതം ചെയ്യുന്നതായി സംസ്ഥാന എക്‌സൈസ് മന്ത്രി കെ. ബാബു പറഞ്ഞു. ബാര്‍ കോഴ ആരോപണ കേസില്‍ ഇനി പലതും തെളിയുമെന്ന് എലഗന്‍സ് ബാറുടമ ബിനോയ് പറഞ്ഞു. സത്യം മറച്ചുവെച്ചവര്‍ ഇനി പലതും തുറന്നുപറയും.ഉപ്പു തിന്നവരുണ്ടെങ്കില്‍ വെള്ളം കുടിക്കുമെന്നും ബിനോയ് പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച സുപ്രീകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ബിനോയ്. പൂട്ടിയിട്ട ബാറുകള്‍ തുറക്കുന്നതിനായി ബാര്‍ കോഴ കൊടുത്തുവെന്ന ആരോപണത്തിലാണ് മന്ത്രി കെ എം മാണി രാജിവെച്ചത്. അതെ ആരോപണം നേരിടുന്ന എക്‌സൈസ് മന്ത്രി കെ ബാബുവിനതിരെയുമുണ്ട്. ബാര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് ആണ് ആരോപണം ഉന്നയിച്ചത്. ഈ കേസിനെകുറിച്ചാണ് ബിനോയ് സൂചിപ്പിച്ചത്. കേസില്‍ വിധി ബാറുടമകള്‍ക്ക് എതിരാവുകയാണെങ്കില്‍ പലതും തുറന്ന് പറയുമെന്ന് ബിനോയ് നേരത്തെ പറഞ്ഞിരുന്നു.