മുന്‍ എസ്പിയുടെ മകനെ പൊലീസ് തന്ത്രപൂര്‍വം രക്ഷപ്പെടുത്തി; നാലു ക്രിമിനല്‍ കേസിലെ പ്രതിയ്ക്ക് രക്ഷപ്പെടാന്‍ ക്രമസമാധാനപാലകര്‍ കണ്ണടച്ചു; സേനയ്ക്ക് നാണക്കേടുണ്ടാക്കിയവര്‍ക്കെതിരെ നടപടിയുമില്ല

തിരുവനന്തപുരം: മുന്‍ എസ്പി കെബി ബാലചന്ദ്രന്റെ മകനും നാലു ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ നിഖിലിനെ (28) വീട്ടില്‍ നിന്നു രക്ഷപ്പെടാന്‍ അനുവദിച്ചത് പൊലീസിലെതന്നെ ചിലര്‍. മ്യൂസിയം സ്റ്റേഷനിലെ മൂന്നു കേസുകളിലും മെഡിക്കല്‍ കോളജ് സ്റ്റേഷനിലെ ഒരു കേസിലും നിഖില്‍ പ്രതിയാണ്. ഇയാളെ പിടികൂടാതെ വിടുന്നതായിരുന്നു പൊലീസിന്റെ ഇതുവരെയുള്ള പരിപാടി. പ്രതിക്കെതിരെ മറ്റു പലരും നേരത്തെ പേരൂര്‍ക്കട സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒന്നിലും കേസ് റജിസ്റ്റര്‍ ചെയ്യാതെ പരാതിക്കാരെ പിന്തിരിപ്പിക്കുന്നതായിരുന്നു സ്റ്റേഷനിലെ രീതി. എന്നാല്‍ കമ്മിഷണര്‍ ശക്തമായ നിര്‍ദേശം നല്‍കിയതോടെ ഞായറാഴ്ച പ്രതിയെ പിടിക്കാന്‍ മ്യൂസിയം എസ്‌ഐ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചു. കേശവദാസപുരം മുതല്‍ പ്രതിയുടെ കാറിനെ പൊലീസ് പിന്തുടര്‍ന്നു. ഇതിനിടെ വഴിയില്‍ കണ്ട വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു പ്രതി മുന്നേറിയതോടെ വയര്‍ലസ് സന്ദേശവും നല്‍കി. എന്നിട്ടും പൊലീസിനു പിടിക്കാനായില്ല. കാര്‍ വഴിയില്‍ ഉപേക്ഷിച്ചു വീട്ടിലേക്കു കടന്നുവെന്നാണു പൊലീസ് പറയുന്നത്. ഒടുവില്‍ നിഖില്‍ സുഖമായി വീട്ടിലെത്തിയതോടെ ഇയാളെ പിടിക്കാന്‍ കന്റോണ്‍മെന്റ് എസി: സുരേഷ് കുമാര്‍, പേരൂര്‍ക്കട സിഐ സുരേഷ് ബാബു, എസ്‌ഐ സൈജുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം പൊലീസുകാര്‍ മ്യൂസിയം, പേരൂര്‍ക്കട സ്റ്റേഷനുകളില്‍ നിന്നെത്തി.
ഇതിനിടെ പ്രതി ജനാലച്ചില്ല് പൊട്ടിച്ചെന്നും വാളെടുത്തു ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. മാത്രമല്ല, പ്രതിയെ അറസ്റ്റ് ചെയ്താല്‍ തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്നു വീട്ടിലുള്ള ബന്ധുക്കളും ഭീഷണിപ്പെടുത്തി. എന്നാല്‍ മണിക്കൂറിലേറെ പിന്തടുര്‍ന്നു കണ്ടെത്തിയ പ്രതിയെ പിടിക്കാന്‍ ഒരു മുന്‍കരുതലും ഇല്ലാതെ കയ്യുംവീശിയാണു റിട്ട എസ്പിയുടെ വീട്ടില്‍ പൊലീസുകാര്‍ പാഞ്ഞെത്തിയത്.

വാളെടുത്തു വീശിയാലോ എന്തെങ്കിലുമെടുത്ത് എറിഞ്ഞാലോ തടുക്കാന്‍ ഒരു ഷീല്‍ഡ് പോലും ആരുടെയും കയ്യിലില്ലായിരുന്നുവെന്നു സ്‌പെഷല്‍ ബ്രാഞ്ച് അധികൃതര്‍ പറഞ്ഞു. ഇതിനിടെ ബാലചന്ദ്രന്‍ ഇടപെട്ട് അഭിഭാഷകനുമായി സംസാരിച്ച ശേഷം കീഴടങ്ങാമെന്ന് അറിയിച്ചത്രെ. ആ സമയം വീടിന്റെ പിന്‍ഭാഗത്തും വശങ്ങളിലും പൊലീസ് നിരീക്ഷണമുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ ബന്ധുക്കളുമായി സംസാരിക്കുന്നതിനിടെ പ്രതി വെന്റിലേറ്ററിന്റെ കമ്പി വളച്ചു രക്ഷപ്പെട്ടുവെന്ന കഥയാണു പൊലീസ് പറയുന്നത്. എന്നാല്‍, റിട്ട. എസ്പിയുടെ മകനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ പിടിക്കാന്‍ പോയ സംഘത്തിലെ ഉദ്യോഗസ്ഥരെ പല ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ടിരുന്നതായി സംഘത്തിലുള്ളവര്‍ സമ്മതിച്ചു. ഇവരുടെ ഇടപെടല്‍മൂലം സഹികെട്ടാണു പ്രതിക്കു വേണ്ടി സംഘം കണ്ണടച്ചത്. ഇക്കാര്യം സ്‌പെഷല്‍ ബ്രാഞ്ചും സ്ഥിരീകരിച്ചിട്ടുണ്ട്. ഉന്നത സ്വീധീനത്തിന്റെ ബലത്തില്‍ നിഖില്‍ എന്ന നൊട്ടോറിയസ് ക്രിമിനല്‍ രക്ഷപ്പെട്ടപ്പോഴാണ് കേരള പൊലീസ് നാണക്കേടില്‍ മുഖംപൊത്തി നടക്കേണ്ടി വന്നത്.

© 2024 Live Kerala News. All Rights Reserved.