ബാറുകളുടെ ഭാവി ഇന്നറിയാം; വിധി സര്‍ക്കാറിനെതിരായാല്‍ 324 ബാറുകള്‍ വീണ്ടും തുറക്കും

കൊച്ചി: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ സുപ്രീംകോടതി വിധിയുണ്ടായാല്‍ 300ലധികം ബാറുകള്‍ തുറക്കും. ഇത് സര്‍ക്കാറിന്റെ പ്രതിച്ഛായയ്ക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്യും. ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ബാറുടമകള്‍ നല്‍കിയ കേസിലാണ് സുപ്രീംകോടതി ഇന്നു വിധി പറയുക. 24 ഫെവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്കൊപ്പം, ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ പദവിയുളള 300ഓളം ബാറുകളുമാണ് വിധി മറിച്ചായാല്‍ തുറക്കുക. മദ്യനയത്തില്‍ സര്‍ക്കാര്‍ കാട്ടുന്നത് വിവേചനമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍, ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ നിര്‍ബന്ധമാണെന്ന കേന്ദ്രചട്ടം അംഗീകരിക്കുകയും മറ്റു ഹോട്ടലുകള്‍ക്ക് കൂടീ ഈ നിലവാരത്തിലേക്ക് ഉയരുവാന്‍ കോടതി സമയം അനുവദിക്കുകയും ചെയ്യുമെന്നാണ് ബാറുടമകളുടെ പ്രതീക്ഷ. കൂടാതെ മദ്യനയത്തെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ്. എം. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീം കോടതി പരിഗണിച്ചാലും കാര്യങ്ങള്‍ ബാറുടമകള്‍ക്ക് അനുകൂലമാകും. അതേസമയം മദ്യപാനം മൗലികാവകാശമല്ലെന്നും മദ്യനയത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. ഇത് സുപ്രീം കോടതിയും അംഗീകരിച്ചാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനുളള അംഗീകാരം കൂടീയാകും അത്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ശരിവച്ച് 2015 മാര്‍ച്ചില്‍ കേരള ഹൈക്കോടതി നടത്തിയതും മദ്യപാനം മൗലികാവകാശമല്ല എന്ന പരാമര്‍ശം ആയിരുന്നു. സര്‍ക്കാറിന് ഏറെ പ്രതീക്ഷ നല്‍കുന്നത് ഇതാണ്.

© 2024 Live Kerala News. All Rights Reserved.