മോഹന്‍ ഭഗവതിന്റെ ആവശ്യം നിരസിച്ചു; ജയശങ്കറും കാളീശ്വരം രാജും ചര്‍ച്ചയ്ക്ക് വരില്ല

കൊച്ചി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് കേരളത്തിലെ പ്രമുഖരുമായി നാളെ നടത്താനിരുന്ന ചര്‍ച്ചയില്‍ തുടക്കത്തിലേ കല്ലുകടി. അഡ്വ. കാളീശ്വരം രാജിനു പിന്നാലെ അഡ്വ.ജയശങ്കറും ചര്‍ച്ചയില്‍ നിന്ന് പിന്‍മാറി. തനിക്ക് ആര്‍എസ്എസ് മേധാവിയുമായി ചര്‍ച്ച നടത്താന്‍ താല്‍പര്യമില്ലെന്ന് അഡ്വ. കാളീശ്വരം രാജ് നേരത്തെയേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോഹന്‍ ഭഗവതുമായി തനിക്ക് വിരോധമൊന്നുമില്ലെന്നും നേരത്തെ നിശ്ചയിച്ച പരിപാടിയുള്ളതിനാലാണ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതെന്നും അഡ്വ. ജയശങ്കര്‍ അറിയിച്ചു. സംഘാടകര്‍ നേരത്തെ 28നാണ് പരിപാടിയെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 29,30 തീയതികളിലാണ് പരിപാടിയെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ തീയതികളില്‍ മറ്റൊരു പരിപാടി മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. അതുകൊണ്ട് മോഹന്‍ ഭഗവതുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനാകില്ലെന്ന് അഡ്വ. ജയശങ്കര്‍ വ്യക്തമാക്കി. പിണറായി വിജയന്‍ വിളിച്ചാലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ജയശങ്കര്‍ പറഞ്ഞു. അഡ്വ. ഡി ബി ബിനു, അഡ്വ. ശിവന്‍ മഠത്തില്‍ എന്നിവര്‍ നിപലപട് വ്യക്തമാക്കിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകരുമായും വിവിധ മേഖലകളിലെ പ്രമുഖരുമായും ര്‍എസ്എസ് മേധാവി കൂടിക്കാഴ്ചയ്ക്ക് എത്തുന്നത്. ബുദ്ധിജീവികള്‍, രാഷ്ട്രീയ നിരീക്ഷകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരെയാണ് മോഹന്‍ ഭഗവത് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.

© 2024 Live Kerala News. All Rights Reserved.