പാര്‍ട്ടി പിടിക്കാന്‍ ആര്‍എസ്എസ് ശ്രമം; ബിജെപിയില്‍ വിഭാഗീയത മറനീക്കി പുറത്തേക്ക്; പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ രൂപപ്പെടുന്നു

തിരുവനന്തപുരം: കുറച്ചുകാലമായി ബിജെപി കേരളഘടകത്തില്‍ ഉരുത്തിരിഞ്ഞ വിഭാഗീയതയ്ക്ക് ് മൂക്കയറിടാനാവാതെ കേന്ദ്രേതൃത്വവും വിയര്‍ക്കുകയാണ്. എന്നാല്‍ വിഭാഗീയത അതിന്റെ പാരമ്യത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണിപ്പോള്‍. പുതിയ സംസ്ഥാന പ്രസിഡന്റിനെ തീരുമാനിച്ചതിനു പിന്നാലെയാണ് ബി.ജെ.പിയില്‍ വന്‍ പൊട്ടിത്തെറിയ്ക്ക് കളമൊരുങ്ങുന്നത്. ഭാരവാഹിത്വത്തിനായി വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള വടംവലി ശക്തമായിട്ടുണ്ട്. അതേസമയം ബിജെപി പിടിക്കാന്‍ ആര്‍എസ്എസ് അരയും തലയും മുറുക്കി സജീവമാണ്. നിലവിലുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍, വൈസ് പ്രസിഡന്റുമാര്‍, സംസ്ഥാന സെക്രട്ടറിമാര്‍, സംസ്ഥാന വക്താവ് തുടങ്ങിയ സ്ഥാനങ്ങള്‍ക്കാണ് കരുനീക്കങ്ങള്‍. വി. മുരളീധരന്‍ വിഭാഗം, പി.കെ. കൃഷ്ണദാസ് പക്ഷം, ശോഭാ സുരേന്ദ്രന്‍, സംസ്ഥാന ആര്‍.എസ്.എസ് നേതൃത്വങ്ങളാണ് സ്ഥാനങ്ങള്‍ പിടിക്കാന്‍ രംഗത്തുള്ളത്. കുമ്മനം രാജേശേഖരനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചതിന് അംഗീകാരം നല്‍കാനുള്ള സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഈ മാസം 30നാണ് ചേരുക. ഇതിന് മുന്നോടിയായി 29 ന് കോര്‍ കമ്മിറ്റിയും ചേരുന്നുണ്ട്. അതേസമയം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ് നേതൃസംഘടനാ നേതാക്കളുടെ യോഗത്തില്‍ ബി.ജെ.പി വിഷയവും പരിഗണനക്ക് വന്നു. നിലവില്‍ നാല് ജനറല്‍ സെക്രട്ടറിമാരില്‍ രണ്ടുപേര്‍ വി.മുരളീധരപക്ഷത്താണ്്. ഒരാള്‍ മാത്രമാണ് പി.കെ. കൃഷ്ണദാസ് വിഭാഗം. ഇവരില്‍ മുരളീധരപക്ഷത്തിലെ കെ.പി. ശ്രീശനും കൃഷ്ണദാസ് വിഭാഗത്തിലെ എ.എന്‍. രാധാകൃഷ്ണനും ഇത്തവണ തെറിച്ചേക്കുമെന്നാണ് വിവരം. പുതിയ ഗ്രൂപ് നേതാവായ ശോഭാ സുരേന്ദ്രന്‍, നിലവിലെ വൈസ് പ്രസിഡന്റ് എം.ടി. രമേശ് എന്നിവരാണ് സ്ഥാനത്തേക്ക് നോട്ടമിട്ടിരിക്കുന്നത്. രമേശിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് കഴിഞ്ഞ തവണയും കൃഷ്ണദാസ് ആവശ്യപ്പെട്ടിരുന്നു. ശ്രീശനെ വൈസ് പ്രസിഡന്റാക്കാനാണ് മുരളീപക്ഷത്തിന്റെ നീക്കം. മുന്‍ സംസ്ഥാന വക്താവ് എം.എസ്. കുമാറും നേതൃത്വത്തിലേക്ക് തിരിച്ചുവന്നേക്കും. ദേശീയ എക്‌സിക്യൂട്ടിവ് അംഗത്വം ഒഴിഞ്ഞശേഷം വൈസ് പ്രസിഡന്റാക്കിയ ജോര്‍ജ് കുര്യനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന താല്‍പര്യം വി. മുരീധരനുമുണ്ട്.

bjp-protest-at-secretariat
പ്രചാരകനായ കുമ്മനത്തെ സഹായിക്കാന്‍ ആര്‍.എസ്.എസിലും ഹിന്ദു ഐക്യവേദിയിലുംനിന്ന് നേതാക്കളെ നേതൃത്വത്തിലേക്ക് നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. ആര്‍.എസ്.എസില്‍നിന്ന് വരുന്ന കുമ്മനത്തോട് ബി.ജെ.പി കേന്ദ്രീകരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള എതിര്‍പ്പ് പരിഗണിച്ചാണിത്. ജനസംഘം മുതല്‍ പ്രവര്‍ത്തനരംഗത്തുള്ള ഒ. രാജഗോപാല്‍ അടക്കം 10ഓളം നേതാക്കളെ നോക്കുകുത്തിയാക്കിയാണ് കുമ്മനത്തെ കേന്ദ്ര നേതൃത്വം നിയോഗിച്ചതെന്ന ആക്ഷേപം ശക്തമായി ഉയരുന്നുണ്ട്. ആര്‍എസ്എസ് സംസ്ഥാന സമിതിയംഗം വല്‍സന്‍ തില്ലങ്കേരിക്കൊപ്പം ഐക്യവേദി ജനറല്‍ സെക്രട്ടറിമാരായ ആര്‍.വി. ബാബു, കെ.പി. ഹരിദാസ് എന്നിവരില്‍ ഒരാളെ കൂടി പരിഗണിക്കുന്നു. ആര്‍.എസ്.എസ്, ബി.ജെ.പി കേന്ദ്ര നേതൃത്വങ്ങളുടെ വിലയിരുത്തല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സമവായ, പ്രീണന രാഷ്ട്രീയമാണ് നിലനില്‍ക്കുന്നതെന്നാണ്. അത് അവസാനിപ്പിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് കടക്കേണ്ട സമയം അതിക്രമിച്ചെന്നതിന്റെ അടിസ്ഥാനത്തിലാണ് നിലയ്ക്കല്‍ സമരത്തിലും മാറാട് കലാപത്തിലും ആര്‍.എസ്.എസ് നിലപാട് ഉയര്‍ത്തിപ്പിടിച്ച പ്രചാരകനെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃത്വത്തിലേക്ക് കൊണ്ടുവന്നതിന്റെ ലക്ഷ്യം.
ബിജെപി സംസ്ഥാന ഘടകത്തിലെ തമ്മിലടിയെത്തുടര്‍ന്നണ് വെള്ളാപ്പള്ളി നടേശനെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ച് അമിത് ഷാ നേരിട്ട് സംസാരിച്ചത്. ഇത് മുരളീധരന്‍ വിഭാഗത്തിനെതിരെ ആഞ്ഞടിക്കാനുള്ള ആയുധമാക്കുകയും ചെയ്തു കൃഷ്ണദാസ് വിഭാഗം. കുമ്മനത്തെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടി പിടിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുമ്പോള്‍ ഇപ്പോള്‍ നേതൃനിരയിലുള്ള പലരുടെയും തലയുരുളുമെന്നാണ് ബിജെപിയിലെത്തന്നെ ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

© 2024 Live Kerala News. All Rights Reserved.