കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്തെ ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ ഒഴിപ്പിക്കാന്‍ അധികൃതരുടെ നീക്കം; യൂണിവേഴ്‌സിറ്റി അധികാരികളുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കേന്ദ്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. ഒരാഴ്ച്ചയ്ക്കകം ഒഴിയണമെന്ന് കാണിച്ച് സമീപത്തെ 14 കടകള്‍ക്ക് യൂണിവേഴ്‌സിറ്റി അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനതിരെയാണ് സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധം നടത്തിയത്. രണ്ടര പതിറ്റാണ്ടിലധികമായി ഇവിടെ പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെയുള്ള കടകളാണ് ഒഴിയണമെന്ന് കാണിച്ച് യൂണിവേഴ്‌സിറ്റി അധികൃതര്‍ നോട്ടീസ് നല്‍കിയത്. യൂണിവേഴ്‌സിറ്റി ഭൂമിയിലാണെങ്കില്‍പോലും നിലവിലെ അവസ്ഥയില്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിനോ ഓഫീസ് സംവിധാനത്തിനോ യാതൊരു തടസ്സവും സൃഷ്ടിക്കാതെയാണ് കടകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സമരസഹായ സമിതിപ്രവര്‍ത്തകര്‍ പറയുന്നു. പ്രദേശവാസികളാണ് ഇവിടെ കട സ്ഥാപിച്ച് കഴിയുന്നത്. ഇത് ഒഴിപ്പിക്കുന്നതോടെ ഇവരുടെ ഉപജീവനമാര്‍ഗത്തെ ഇത് കാര്യമായി ബാധിക്കും.

10418272_423552107853901_6018170407830628284_n

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകള്‍ പുറത്തുവന്നിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി ഗവര്‍ണര്‍ക്ക് പാട്ടത്തിന് നല്‍കിയതായി രേഖയുണ്ടാക്കി എന്‍.സി.സിക്ക് കൈമാറിയത് ഏറെ വിവാദമായിരുന്നു. യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ തീരുമാനമെടുത്ത സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, ഭൂമി കൈവശം വെക്കുന്ന എന്‍സിസി കമാന്‍ഡിങ് കേണല്‍ കെഎന്‍ വിജയന്‍ എന്നിങ്ങനെ മറ്റ് ഇരുപത് പേര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടന്നിരുന്നു. 2011ല്‍ സര്‍വ്വകലാശാല വളപ്പില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ആറ് ഏക്കര്‍ ഭൂമി ആവശ്യപ്പെട്ടായിരുന്നു എന്‍സിസിയുടെ അപേക്ഷ. ഈ അപേക്ഷയില്‍ ചട്ടം ലംഘിച്ച് എന്‍സിസിക്ക് എട്ടേക്കര്‍ ഭൂമി അനുവദിക്കുകയായിരുന്നു. ഗവര്‍ണര്‍ക്ക് പാട്ടത്തിന് നല്‍കിയതായുള്ള രേഖയില്‍ ഒപ്പിട്ടത് എന്‍സിസി ഡെപ്യൂട്ടി ഡയറക്ടര്‍ സന്ദീപ് കുമാറാണ്. പ്രതിവര്‍ഷം ആറായിരം രൂപക്ക് പാട്ടത്തിനായിരുന്നു ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഭൂമി എന്‍സിസിക്ക് അനുവദിച്ചത്. മുന്‍ വിസി അബ്ദുസലാമിനെതിരെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന് ശേഷം പുതിയ വിസി മുഹമദ് ബഷീര്‍ ചുമതലയേറ്റതിന് പിന്നാലെയാണ് യൂണിവേഴ്‌സിറ്റിയ്ക്ക് സമീപമുള്ള സാധാരണക്കാരായ കടക്കാരെ ദ്രോഹിക്കാനുള്ള നീക്കം. പ്രതിഷേധ യോഗത്തില്‍ ഇടതു ചിന്തകരായ കെഇഎന്‍ കുഞ്ഞമ്മദ്, ഡോ. ആസാദ് എന്നിവര്‍ പങ്കെടുത്തു.

© 2024 Live Kerala News. All Rights Reserved.