അമേരിക്കയും റഷ്യയും നടത്തുന്ന ആക്രമണങ്ങള്‍ ഐഎസിനെ ശക്തിപ്പെടുത്തിയെന്ന് അബൂബക്കര്‍ അല്‍ ബാഗ്ദാദി; ദൈവം തങ്ങള്‍ക്കൊപ്പമെന്നും ഐഎസ് നേതാവ്

ബാഗ്ദാദ്: അമേരിക്കയും റഷ്യയും നടത്തിവരുന്ന വ്യോമാക്രമണങ്ങള്‍ ഇസ്‌ലാമിക് സ്റ്റേറ്റിനെ (ഐഎസ്) കൂടുതല്‍ ശക്തിപ്പെടുത്തിയെന്ന് ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി അവകാശപ്പെട്ടു. ഐഎസിനെതിരെ ഇരുരാജ്യങ്ങളും സംയുക്തമായി നടത്തിയ വ്യോമാക്രമണം ഐഎസിനെ ദുര്‍ബലമാക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സന്ദേശത്തിലുള്ളത്. സൗദി അറേബ്യ ഭീകരവാദത്തിനെതിരെ കൈകൊണ്ടിട്ടുള്ള നയങ്ങളെയും ബാഗ്ദാദി സന്ദേശത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ദൈവം തങ്ങള്‍ക്ക് വിജയം നല്‍കുമെന്ന് ഉറപ്പുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. ഐഎസിന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശത്തിലാണ് ബാഗ്ദാദി ഈക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിറിയയിലെയും ഇറാഖിലെയും ഐഎസ് കേന്ദ്രങ്ങളില്‍ അമേരിക്കയും റഷ്യയും നടത്തിയ വ്യോമാക്രമണം ഐഎസിനെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. ഐഎസിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങുമ്പോഴാണ് അല്‍ ബാഗ്ദാദിയുടെ പ്രതികരണം.