ഇന്ത്യാവിഷന്‍ തിരിച്ചുവരുന്നു; നിലപാട് വ്യക്തമാക്കി മന്ത്രി എംകെ മുനീര്‍; ഇല്ലെങ്കില്‍ ജീവിതം പരാജയമാകുമെന്നും മുനീര്‍

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം മുടങ്ങിയതോടെ സംപ്രേഷണം നിലച്ച മലയാളത്തിലെ ആദ്യത്തെ 24 മണിക്കൂര്‍ ന്യൂസ് ചാനലായ ഇന്ത്യാവിഷന്‍ തിരിച്ചുവരുമെന്ന് മന്ത്രി എം കെ മുനീര്‍ വ്യക്തമാക്കി. കൈരളി-പീപ്പിള്‍ ഇന്ന് രാത്രി ഒമ്പതിനും പത്തിനും സംപ്രേഷണം ചെയ്യുന്ന ജെ ബി ജംഗ്ഷനിലാണ് മുനീര്‍ ഇന്ത്യാവിഷന്റെ തിരിച്ചുവരവുണ്ടാകുമെന്ന് ജോണ്‍ബ്രിട്ടാസിനോട് പ്രതികരിച്ചത്. ചാനല്‍ തനിക്ക് വ്യക്തിപരമായി ദോഷമുണ്ടാക്കിയെങ്കിലും ഇന്ത്യാവിഷന്‍ ഇല്ലെങ്കില്‍ ജീവിതം പരാജയമായിരിക്കുമെന്നും അദേഹം വ്യക്തമാക്കി. മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ 2015 ഫെബ്രുവരി ഒമ്പതിനാണ് ഇന്ത്യാവിഷന്‍ സംപ്രേഷണം നിലച്ചത്. ഇതിനിടെ നികുതി പ്രശ്‌നത്തില്‍ ഇന്ത്യാവിഷന്‍ റസിഡന്റ് ഡയറക്ടര്‍ അറസ്റ്റിലായി. ജോലി നഷ്ടപ്പെട്ട ഇന്ത്യാവിഷനിലെ ജീവനക്കാര്‍ മന്ത്രി മുനീറിന്റെ വീട്ടിലേക്കുള്‍പ്പെടെ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെ പലതവണ ചാനല്‍ സംപ്രേഷണം തുടങ്ങാന്‍ നീക്കം നടത്തിയെങ്കിലും മതിയായ ഫണ്ട് ലഭിക്കാതെ പദ്ധതിയുമായി മാനേജ് മെന്റിന് മുന്നോട്ടുപോകാനായില്ല.

 

ജീവനക്കാരില്‍ പ്രബല വിഭാഗം ഇതര മധ്യമങ്ങളില്‍ ജോലിക്ക് കയറി. അതേസമയം എഡിറ്റോറിയല്‍, കാമറ, വിഷ്വല്‍ എഡിറ്റിംഗ്, ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ മറ്റൊരിടത്തും പോകാതെ ഇന്ത്യാവിഷന്റെ വരവിനായി ഇപ്പോഴും കാത്തിരിക്കുന്നുണ്ട്. ഏഷ്യനെറ്റ് ,മാതൃഭൂമി,മനോരമ തുടങ്ങിയ ചാനലുകളില്‍ കയറിയവരൊഴിച്ചാല്‍ അവശേഷിക്കുന്നവരില്‍ 90 ശതമാനവും ഇന്ത്യാവിഷനിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങി നില്‍ക്കുന്നവരാണ്. ടിവി ന്യൂ, റിപ്പോര്‍ട്ടര്‍ ചാനലുകളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയായതോടെ ഇവിടെ നിന്ന് കൂട്ടത്തോടെ കൊഴിഞ്ഞുപോക്ക് രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യാവിഷന്റെ വരവ് വലിയ പ്രതീക്ഷയോടെയാണ് ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും കാണുന്നത്. 2003ലാണ് ഇന്ത്യാവിഷന്‍ സംപ്രേഷണം തുടങ്ങിയത്.

© 2024 Live Kerala News. All Rights Reserved.