സൗദിയില്‍ നിതാഖാത്തിന്റെ മൂന്നാം ഘട്ട പ്രഖ്യാപനം ജനുവരിയില്‍; സ്വദേശിവത്കരണം ശക്തമക്കും; ആശങ്കയോടെ പ്രവാസികള്‍

റിയാദ്: സൗദി അറേബ്യ കൂടുതല്‍ സ്വദേശിവത്കരണത്തിലേക്ക് നീങ്ങുന്നു. മൂന്നാംഘട്ട നിതാഖാത്ത് പ്രഖ്യാപനം ജനുവരി ഒന്നിനെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി.
മൂന്നാംഘട്ട നിതാഖാത്തില്‍ പുതുതായി ചില മേഖലകള്‍ കൂടി ഉള്‍പ്പെടുത്തും. കഴിഞ്ഞ ഏപ്രില്‍ ഇരുപത് മുതല്‍ മൂന്നാം ഘട്ട നിതാഖാത്ത് നടപ്പാക്കാനാണ് തൊഴില്‍ മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബാധകമായ സ്വദേശിവത്ക്കരണ അനുപാതം വലിയ തോതില്‍ വര്‍ധിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ വ്യവസായ സമൂഹം ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് മൂന്നാം ഘട്ടം നടപ്പാക്കുന്നത് അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു. സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ വേതന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും മികച്ച തൊഴിലുകള്‍ സ്വദേശികള്‍ക്ക് ലഭ്യമാക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ പുതിയ ഘട്ടത്തില്‍ ഉള്‍പ്പെടുത്തും. സ്വദേശി വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്നതും പ്രോത്സാഹിപ്പിക്കും.

സ്വദേശികള്‍ക്ക് ഉയര്‍ന്ന വേതനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും പ്രത്യേക വെയ്‌റ്റേജ് ലഭിക്കും. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പുവരുത്തി സ്വദേശി ജീവനക്കാരെ നിലനിര്‍ത്തുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട്, സ്വദേശികളുടെ തൊഴില്‍ സുരക്ഷയും അധിക വെയ്‌റ്റേജ് നല്‍കുന്നതിനുള്ള ഘടകമായി പരിഗണിക്കും. ഉന്നത തസ്തികകളില്‍ സ്വദേശികളെ നിയമിക്കുന്നതും പ്രത്യേകം പരിഗണിക്കും. സ്വദേശികള്‍ക്ക് അനുയോജ്യമായ ചില മേഖലകളില്‍ സ്വദേശിവല്‍ക്കരണ തോത് വലിയ തോതില്‍ ഉയര്‍ത്തുമെന്നാണ് കരുതുന്നത്. സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് തൊഴില്‍ മന്ത്രാലയം നിതാഖാത്ത് ആവിഷ്‌കരിച്ചത്. സ്വദേശി ജീവനക്കാരുടെ വേതനം ഉയര്‍ത്തുന്നതിനുള്ള വ്യവസ്ഥയും പിന്നീട് നിതാഖാത്തില്‍ ഉള്‍പ്പെടുത്തി. ഇതുപ്രകാരം സ്വദേശികള്‍ക്കുള്ള മിനിമം വേതനം മൂവായിരം റിയാലായി ഉറപ്പുവരുത്താനും സാധിച്ചു. നാലു കൊല്ലത്തിനിടെ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം ഏഴ് ലക്ഷത്തില്‍ നിന്ന് പതിനേഴ് ലക്ഷമായി ഉയര്‍ത്താനും നിതാഖാത്ത് വഴി സാധിച്ചു. പ്രവാസി മലയാളികളെ ഉള്‍പ്പെടെ സാരമായിതന്നെ ഇത് ബാധിക്കും. വളരെ ചെറിയ ജോലിക്ക് വേണ്ടിമാത്രം സൗദിയില്‍ നില്‍ക്കേണ്ട ഗതികേടിലാവും പ്രവാസികള്‍.

© 2024 Live Kerala News. All Rights Reserved.