ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മിന്നല്‍ പാക് സന്ദര്‍ശനം തികച്ചും നാടകീയമായിരുന്നു. അതേസമയം മോഡിയുടെ സന്ദര്‍ശനം പാകിസ്ഥാനില്‍ വിഘടനവാദികളുള്‍പ്പെടെ സ്വാഗതം ചെയ്തപ്പോള്‍ ഇവിടെ ശിവസേനയും കോണ്‍ഗ്രസും ഇതിനെതിരെ രംഗത്തുവന്നു. ഇതോടെ ഇന്ത്യാ പാക് സെക്രട്ടറി തല ചര്‍ച്ചകളിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങള്‍ക്ക് അവസാനമായെന്നാണ് സൂചന. ഇതോടെ ജനുവരിയില്‍ വിദേശ കാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച ഇസ്ലാമാബാദില്‍ നടക്കുമെന്നും വാര്‍ത്തകളുണ്ട്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പാക് സന്ദര്‍ശനത്തില്‍ ഉയര്‍ന്ന ഉഭയകക്ഷി കരാറുകളായിരിക്കും സെക്രട്ടറി തല ചര്‍ച്ചയില്‍ പ്രധാന വിഷയമാവുക.
അതേസമയം മോഡിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനവും, നവാസ് ഷെരീഫുമായുളള കൂടിക്കാഴ്ചയും കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഡല്‍ഹിയിലെത്തി. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മിച്ച പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം പാകിസ്താനുമായുളള ബന്ധം തുടരേണ്ടതിനെക്കുറിച്ച് മോഡി സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ പാക് സന്ദര്‍ശന വിവരം നരേന്ദ്രമോഡി പുറത്തറിയിച്ചത്. പിറന്നാള്‍ ആശംസകള്‍ അറിയിക്കുവാന്‍ നവാസ് ഷെരീഫിനെ വിളിച്ച മോഡിയെ പാകിസ്ഥാനിലേക്ക് നവാസ് ഷെരീഫ് ക്ഷണിക്കുകയും തുടര്‍ന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ പാക് യാത്ര. തുടര്‍ന്ന് കാബൂളില്‍ നിന്ന് ലാഹോറിലെത്തിയ മോഡിയെ വിമാനത്താവളത്തില്‍ നിന്നുതന്നെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഷ് സ്വീകരിക്കുകയും ചെയ്തു. ഷെരീഫിന്റെ കുടുംബവസതിയായ റായ് വിന്‍ഡ് കൊട്ടാരത്തിലെത്തി ഷെരീഫിന്റെ ചെറുമകള്‍ക്ക് വിവാഹ ആശംസകളും നേര്‍ന്നു. തൊണ്ണൂറ് മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയുടെ വിശദാശംങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യ-പാക് ബന്ധം ഊഷ്മളമാക്കാന്‍ ശ്രമം തുടരുമെന്ന് ഇരുപ്രധാനമന്ത്രിമാരും വ്യക്തമാക്കി.