ബാലനീതി ഭേദഗതി ബില്‍ പാസായി; ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് 16 വയസ്സ് മുതലുള്ളവരെയും പ്രതിയാക്കി വിചാരണ ചെയ്യാം; ഭിന്നാഭിപ്രായങ്ങളും വ്യാപകം

ന്യൂഡല്‍ഹി: ഏറെ ചര്‍ച്ചകള്‍ക്കുംവിവാദങ്ങള്‍ക്കുമൊടുവില്‍ ബാലനീതി ബില്‍ ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ശബ്ദ വോട്ടോടെ പാസായി. ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ കുട്ടിക്കുറ്റവാളിയുടെ മോചനത്തില്‍ പ്രതിഷേധം ശക്തമായിരിക്കെ ബാലനീതി ബില്‍ പാസാകുന്നത്. ക്രൂരമായ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്ന 16 വയസ്സിന് മുകളിലുള്ളവരെ പ്രായപൂര്‍ത്തിയാതായി കണക്കാക്കി വിചാരണ ചെയ്യാനനുവദിക്കുന്ന ബില്ലാണ് രാജ്യസഭ പരിഗണിക്കുന്നത്. ഏഴ് വര്‍ഷംവരെ കഠിന തടവ് ലഭിക്കാവുന്ന ശിക്ഷയാണ്. അതേസമയം ബില്‍ കുട്ടികളോടുള്ള ക്രൂരതയാണെന്നുള്ള ഭിന്നാഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ശിക്ഷ നടപ്പാക്കേണ്ടത് ജുനൈല്‍ ജസ്റ്റിസ് ബോര്‍ഡായിരിക്കും.

ബലാത്സംഗം പോലുള്ള കേസുകളില്‍ പിടിക്കപ്പെടുന്ന 16 വയസ്സിന് മുകളിലുള്ള കുറ്റവാളികളെ പ്രായപൂര്‍ത്തിയായവരായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ബലാത്സംഗക്കുറ്റം ചെയ്യുന്ന 16നും 18നുമിടയിലുള്ളവര്‍ക്ക് മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന അജണ്ടയിലില്ലാത്ത ബില്‍ പൊതുവികാരം മാനിച്ച് അടിയന്തരമായി പരിഗണിച്ച് പാസാക്കാന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയ്റ്റ്‌ലി വിവാദം കത്തിനില്‍ക്കെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണിതെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ബില്ലില്‍ ചര്‍ച്ച ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സിപിഎമ്മും ഇതിനെ പിന്തുണച്ചു. ലോക്‌സഭ നേരത്തെ പാസാക്കിയ ഈ ബില്ലിലെ പല വ്യവസ്ഥകളോടും പല പാര്‍ട്ടികളും നേരത്തേ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. ഡല്‍ഹി കൂട്ടബലാത്സംഗത്തിന് പിന്നാലെ രൂപീകരിച്ച ജസ്റ്റീസ് ജെഎസ് വര്‍മ കമ്മിറ്റിയാണ് ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ ആദ്യം രംഗത്തെത്തിയത്. പ്രായം കുറയ്ക്കുന്നത് കുറ്റകൃത്യം തടയാനുള്ള ഒരു പരിഹാരമല്ലെന്നും ബാലനീതി ഭേദഗതി ബില്‍ പാസാക്കുന്നതോടെ എല്ലാ വിഭാഗങ്ങളില്‍പെട്ട കുട്ടികളെയും വ്യവസ്ഥകള്‍ ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹീനമായ കുറ്റകൃത്യം ചെയ്യുന്ന 16 വയസ്സിന് മുകളിലുള്ളവരെ പ്രായപൂര്‍ത്തിയായവരായി പരിഗണിച്ച് വിചാരണ ചെയ്യുന്നത് ശരിയല്ലെന്ന് സമിതി അഭിപ്രായപ്പെട്ടിരുന്നു. ബലാത്സംഗം, കൊലപാതകം, കൂട്ടബലാത്സംഗം, കൊള്ള, തട്ടിക്കൊണ്ടുപോകല്‍, മയക്കുമരുന്ന കടത്തല്‍, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഹീനമായ കുറ്റകൃത്യങ്ങള്‍. ജീവപര്യന്തം തടവുശിക്ഷ ലിഭിക്കാവുന്ന കുറ്റങ്ങളാണിത്. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിയിലായ 16 വയസ്സിന് മുകളിലുള്ളവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി തടവിലിടാന്‍ ബില്‍ സഹായിക്കുമെന്നും ആക്ഷേപമുണ്ട്.

© 2024 Live Kerala News. All Rights Reserved.