കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പതിവ് പോലെ കേരളം വെള്ളംചേര്‍ത്തു; തൃപ്തിയില്ലാതെ കേന്ദ്രം; ഉമ്മന്‍ചാണ്ടിയുടെ വാദങ്ങള്‍ പൊളിയുന്നു

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വെള്ളംചേര്‍ത്ത് കേരളം സമര്‍പ്പിച്ചതിനെതിരെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്ത്. വിഷയത്തില്‍ കേരള സര്‍ക്കാറിന്റെ നിലപാട് തൃപ്തികരമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പരിസ്ഥിതി മേഖലയായി ഉള്‍പ്പെടുത്തിയിരിക്കുന്ന 119 വില്ലേജുകളും ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും പൂര്‍ണമായി ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. വില്ലേജ് എന്നതിന് പകരം സര്‍വ്വേ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള ഇ എസ് എ ഭൂപടമാണ് കേരളം സമര്‍പ്പിച്ചിരുന്നത്. ഇങ്ങനെയൊക്കെയാണ് കേരളം റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ജനവാസ കേന്ദ്രങ്ങള്‍ നിര്‍ണയിച്ച് കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നത്.
ഈ വാദമാണ് ഇതോടെ പൊളിഞ്ഞത്. ജനവാസ കേന്ദ്രങ്ങളുടെ അതിര്‍ത്തി നിര്‍ണയിച്ചത് സംബന്ധിച്ച കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും അടുത്ത മാസം സംസ്ഥാന സര്‍ക്കാറുകളുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നാല് മുതല്‍ അഞ്ച് ദിവസം വരെയാകും ചര്‍ച്ച നടക്കുക. കൂടാതെ നിലവിലെ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അവസരം നല്‍കും. ബജറ്റ് സമ്മേളന സമയത്ത് സംസ്ഥാനങ്ങളുമായി പ്രത്യേക ചര്‍ച്ച നടത്തിയേക്കുമെന്നും പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ വിഞ്ജാപനം ചെയ്തിരിക്കുന്ന പരിസ്ഥിതിലോല മേഖലയില്‍ റിസര്‍വ് ചെയ്തിരിക്കുന്ന വനങ്ങളും വന്യജീവി സങ്കേതങ്ങളും പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ഥലങ്ങളും ഉള്‍പ്പെടുത്തിയാല്‍ മതിയെന്നായിരുന്നു കേരളം നല്‍കിയ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശുദ്ധ തട്ടിപ്പാണെന്നാരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.