അധ:കൃതരെ പെരുവഴിയിലിറക്കിവിടുന്ന കേരളം

എസ്. വിനേഷ് കുമാര്‍

vinesh

പരിഷ്‌കൃതമെന്ന് നാം മേനി പറയുന്നതിനപ്പുറമുള്ളൊരു മാനസികവളര്‍ച്ച നേടാത്ത കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന തൊട്ടുകൂടായ്മയുടെയും മാറ്റിനിര്‍ത്തപ്പെടലിന്റെയും ഇരകളിലൊരാളായി ദയാബായിയും എത്തിയത് യാദൃശ്ചികം മാത്രം.  സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്ക നില്‍ക്കുന്ന അധ:കൃതരോട് പൊതുസമൂഹത്തിന്റെ നിലപാടിന്റെ പരിച്ഛേദമാണ് ആലുവ ബസ്സില്‍ നിന്ന് ദയാബായിയോടുള്ള കെഎസ്ആര്‍ടിസി അധികൃതരുടെ പെരുമാറ്റദൂഷ്യത്തിന്റെ ബാക്കിപത്രമെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റുണ്ടാവില്ല. അഭ്യസ്തവിദ്യയുടെ നാലാള്‍പൊക്കത്തില്‍ ഞെളിഞ്ഞുനില്‍ക്കുന്ന കേരളത്തിലെ ജനതയുടെ സാംസ്‌കാരിക ബോധത്തിന്റെയും പെരുമാറ്റമഹിമയുടെയും അഭാവപൂര്‍ണ്ണമാര്‍ന്ന അഹങ്കാരനിബിഢമായൊരു ഇടപെടല്‍ ഇന്ന് അസഹ്യമാംവിധം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. നവോത്ഥാനമെന്നും വിദ്യാസമ്പന്നതയെന്നുമൊക്കെ കൂകിവിളിക്കുമ്പോഴും പിന്നോക്ക വിഭാഗങ്ങളെ പാതിവഴിയിലിറക്കിയാണ് കേരളത്തിലെ ബസ്സുകള്‍ പുറപ്പെടുന്നത്. സമ്പന്നതയുടെയും ആഡംബരത്തിന്റെയും മേല്‍മുണ്ടുചുറ്റി സുഗന്ധം പൂശി നടക്കുന്നവന് സമൂഹം കല്‍പ്പിച്ചുനല്‍കുന്ന നിലയും വിലയുമാണ് പുതിയകാലത്തിന്റെ അപകടകരമായ ഓര്‍മ്മപ്പെടുത്തലുകള്‍. വ്യക്തിയെങ്ങനെയായാലും ധരിക്കുന്ന വസ്ത്രത്തിന്റെയോ ഉപയോഗിക്കുന്ന വസ്തുക്കളുടെ മൂല്യമനുസരിച്ചാണ് സമൂഹം അവര്‍ക്ക് വിലയിടുന്നത്. ദയാബായിയോടുള്ള കെഎസ്ആര്‍ടിസി അധികൃതരുടെ സമീപനവും ഇങ്ങനെയായിരുന്നു. എത്രയോകാലങ്ങളായി നമ്മുടെ സമൂഹത്തിലെ താഴെതട്ടില്‍ കഴിയുന്നവരുടെ അനുഭവസാക്ഷ്യത്തിന്റെ നേര്‍ചിത്രമാണ് ദയാബായിയിലൂടെയെങ്കിലും ദൃശ്യമായത്. ആദിവാസികള്‍, ദളിതര്‍, അന്യസംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയ അധ:കൃത വിഭാഗങ്ങളോടുള്ള ‘പ്രബുദ്ധജനത ‘ യുടെ പലസമീപനങ്ങളും നാം എത്രയോ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു. വീണ്ടും അങ്ങനെയൊക്കത്തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായ നവോത്ഥാന മുന്നേറ്റത്തെ എത്ര പെട്ടെന്നാണ് സാംസ്‌കാരികതയുടെ മൊത്തക്കച്ചവടക്കാരെന്ന് അവകാശപ്പെടുന്ന നമ്മള്‍ തള്ളിപ്പറഞ്ഞത്. ചരിത്രത്തോട് കൊഞ്ഞനംകുത്തുന്ന മലയാളിയുടെ സാംസ്‌കാരിക ബോധത്തെ എങ്ങനെയാണ് വിലയിടേണ്ടതെന്ന് ദയാബായി സംഭവം ഓര്‍മ്മിപ്പിക്കുന്നു. ഇവിടെയാണ് കോഴിക്കോട്ടുള്ള നൗഷാദിന്റെ മഹത്വം നാം മനസ്സിലാക്കേണ്ടത്.

IMG_5398

ആരാണ് ദയാബായി…
നാം തെരുവികളിലൊക്കെ കണ്ടുമറക്കുന്ന നിര്‍ധനരായ കുറെ അമ്മമാരിലെവിടെയോ ദയാബായിയുടെ രൂപമുണ്ടാകും. നിയമബിരുദമെടുത്ത് മുംബൈയിലെ വിഖ്യാതമായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍നിന്ന് എംഎസ്ഡബ്ല്യുവും പഠിച്ചിറങ്ങിയ മേഴ്‌സി മാത്യു എന്ന സാമൂഹികപ്രവര്‍ത്തക എങ്ങനെ ദയാബായിയായെന്നറിയണമെങ്കില്‍ ഒരുപാട് കാലത്തിന്റെ പിന്നോട്ട് നടക്കണം. ലോകമെമ്പാടും ആദരിക്കപ്പെടുന്ന അവരുടെ പച്ചവിരല്‍ പതിഞ്ഞ കേരളത്തിലാണല്ലൊ ഇങ്ങനെയൊരു അനുഭവം ഉണ്ടായതും. ജന്മംനല്‍കിയ കേരളത്തിന്റെ നന്ദികേടിന്റെ ഇര. കോട്ടയം ജില്ലയില്‍ പാലായിലെ പൂവരണിയില്‍ ജനിച്ച മേഴ്‌സി 16ാം വയസ്സില്‍ സാമൂഹികസേവനമെന്ന ലക്ഷ്യവുമായി വടക്കേ ഇന്ത്യയിലെ ഒരു മഠത്തില്‍ ചേര്‍ന്നു. ഒരു ക്രിസ്മസ് രാവില്‍ ആഘോഷങ്ങള്‍ അലയടിക്കുന്ന മഠത്തിന്റെ ഗേറ്റിനുപുറത്ത് വിരുന്നിന്റെ അവശിഷ്ടങ്ങള്‍ക്കായി കൊടുംതണുപ്പില്‍ കാത്തുനില്ക്കുന്ന പാവപ്പെട്ട മനുഷ്യരെയും അവരുടെ കുഞ്ഞുങ്ങളെയും ജനാലയിലൂടെക്കണ്ട് ഹൃദയം തകര്‍ന്നുപോയ മേഴ്‌സി മദര്‍ സുപ്പീരിയര്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞു. ”എന്നെ പോകാനനുവദിക്കൂ. ആ പാവങ്ങള്‍ക്കിടയിലാണ് എന്റെ സ്ഥാനം. അവരുടെയിടയിലാണ് ക്രിസ്തുവുള്ളത്.”അവിടെയാണ് കര്‍ത്താവുള്ളത്. പിന്നീടായിരുന്നു ദയയുടെ ആള്‍രൂപമായ ദയാബായിലേക്ക് പരിണാമം. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ബിഹാര്‍, ഹരിയാണ എന്നിവിടങ്ങളില്‍ ആദിവാസികള്‍ക്കും മറ്റ് പിന്നോക്കവിഭാഗങ്ങള്‍ക്കുമിടയില്‍ അവര്‍ ജീവിക്കുകയായിരുന്നു. അവരുടെ അമ്മയായി. പിന്നീടവര്‍ ബംഗ്ലാദേശിലെ യുദ്ധഭൂമിയിലുമെത്തി. പരിക്കേറ്റ മനുഷ്യരെ ശുശ്രൂഷിച്ചും ചിതറിക്കിടന്ന ശവശരീരങ്ങള്‍ തോളിലേറ്റി മറവുചെയ്തും അമാനുഷമായ സ്ത്രീശക്തി പ്രകടിപ്പിച്ച അവര്‍ ജൈത്രയാത്ര തുടര്‍ന്നു. 40വര്‍ഷമായി മധ്യപ്രദേശിലെ ചിന്ദ്്്‌വാഡ ജില്ലയിലെ തിന്‌സായിലും ബറൂള്‍ എന്ന ആദിവാസിഗ്രാമത്തിലുമാണ് അവരുടെ ജീവിതം. ആദ്യമായി ആ ഗ്രാമത്തില്‍ പോയപ്പോള്‍ ‘നീയാരാണ്? എന്തിനിവിടെ വന്നു? ഞങ്ങള്‍ കാട്ടിലെ വാനരന്‍മരാണ്’ എന്ന് ഊരുമൂപ്പന്റെ വാക്കുകളാണ് ഇന്നത്തെ വേഷമണിയാന്‍ ദയാബായിയെ പ്രേരിപ്പിച്ചത്. അവരെയാണ് സാക്ഷരകേരളം പാതിവഴിയിലിറക്കവിട്ട് നന്ദികേട് കാണിച്ചത്, അല്ല ക്രൂരമായി അപമാനിച്ചത്.

12360064_925938890816669_6441881838780709782_n

പൊതുസമൂഹത്തിന്റെ മനോഭാവം

മുത്തങ്ങ സമരത്തിന് ശേഷം വയനാട്ടിലെ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ആദിവാസിയെ കണ്ടാല്‍ അടിച്ചാട്ടുന്ന ഒരു അവസ്ഥ 2003ല്‍ ഈയുള്ള ലേഖകന്‍ നേരിട്ട് മനസ്സിലാക്കിയതാണ്. കിടപ്പാടത്തിനായി, ഒരു തുണ്ടു ഭൂമിക്കായി സമരം ചെയ്തവരെ പട്ടിയെപോലെ വെടിവെച്ചിട്ട ഭരണകൂടത്തിന്റെ അതേസമീപനമായിരുന്നു മുഖ്യധാരാസമൂഹത്തിന്റയും. അന്നത് സമരം ചെയ്തതിന്റെ പേരിലായിരുന്നു. എന്നാല്‍ കാലങ്ങളായി ആദിവാസികളുള്‍പ്പെടെയുള്ള പിന്നോക്കവിഭാഗങ്ങളെ മാറ്റിനിര്‍ത്തപ്പെടുന്ന സമൂഹത്തിന്റെ മനോനിലയില്‍ ഇപ്പോഴും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ലെന്നതാണ് യാഥാര്‍ഥ്യം. മുഴിഞ്ഞ വസ്ത്രവും വെറ്റില മുറുക്കിയും നടന്നുനീങ്ങുന്നവരെ അംഗീകരിക്കാനുള്ള മനസ്സ് കേരളജനതയില്‍ ഇപ്പോഴും വളര്‍ച്ച പ്രാപിച്ചില്ലയെന്നതാണ് യാഥാര്‍ഥ്യം. അന്യസംസ്ഥാന തൊഴിലാളികളോടുള്ള സമീപനത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. മലയാളിയുടെ മനസ്സില്‍ അന്തര്‍ലീനമായ മാലിന്യപൂര്‍ണ്ണമായ ചിന്താഗതിയില്‍ നിന്ന് മാത്രമേ ഇങ്ങനെയൊരു പെരുമാറ്റം ഉണ്ടാകാന്‍ വഴിയുള്ളു. ഗള്‍ഫ് പണത്തിന്റെ അസാധാരണമായ ഒഴുക്കും വൈറ്റ് കോളര്‍ സംസ്‌കാരത്തിലേക്കുള്ള പരിണാമവുമാണ് പ്രധാനമായും മധ്യവര്‍ഗമലയാളിയെ അഹങ്കാരങ്ങളുടെ കൊടുമുടിയിലേക്ക് അതിവേഗം എടുത്തെറിയപ്പെട്ടത്. എന്തിനും പണവും അധികാരവും കൂടെയുണ്ടാകുമ്പോള്‍ താഴെക്കിടയിലുള്ളവരെ മനസ്സിലാകാത്ത, മനസ്സിലാക്കാത്ത ഒരു സമൂഹമായി കേരളം വളരെ അപകടകരമായൊരു ചുഴിയില്‍ കിടന്ന് കറങ്ങിക്കൊണ്ടിരിക്കുകയാണിപ്പോള്‍. തമിഴനെന്നും കന്നഡിഗനെന്നും ബംഗാളിയെന്നും ബീഹാറിയെന്നും മുഖത്ത് നോക്കി അന്യസംസ്ഥാനതൊഴിലാളികളെ വിളിക്കാനും, മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പ്രായമുണ്ടെങ്കിലും ആദിവാസിയെ ഗോപാലനെന്നും ചന്ദ്രനെന്നും ചന്തുവെന്നും മാരയെന്നും ചണ്ണയെന്നുമൊക്കെ പേരെടുത്ത് വിളിക്കാന്‍ കൊച്ചുകുട്ടികള്‍ക്ക് പോലും ധൈര്യംപകര്‍ന്നുകൊടുക്കുന്ന സമൂഹത്തില്‍ എന്ത് സമത്വത്തെക്കുറിച്ച് നമുക്ക് വാചാലരാവാന്‍ കഴിയും. ജന്മിത്വകാലഘട്ടത്തിലെയും ബ്രാഹ്മണ്യ-ചാതുര്‍വര്‍ണ്യ ശക്തികളുടെ അധീശത്വത്തിന്റെയും ഇരുണ്ടയുഗത്തില്‍ ഘനീഭവിച്ച അപരിഷ്‌കൃതമായ മാനസികനിലവാരത്തില്‍ നിന്ന് മലയാളിയ്ക്ക് ഇതുവരെ മോചനം ലഭിച്ചില്ലെന്ന് തന്നെ നിസംശ്ശയം പറയേണ്ടിവരും. അങ്ങനെയൊരു സമൂഹത്തില്‍ നിന്ന് സാംസ്‌കാരശൂന്യമായ സമീപനുവും പ്രവര്‍ത്തിയും ഉണ്ടാകുന്നതില്‍ അതിശയപ്പെടേണ്ടതില്ല. മാറേണ്ടത് മലയാളിയുടെ മനോഭാവമാണ്. അല്ലാതെ വസ്ത്രസങ്കല്‍പ്പങ്ങളും സമ്പന്നതയാല്‍ ആവരണം ചെയ്യപ്പെട്ട അലങ്കാരങ്ങളുമല്ല.

© 2024 Live Kerala News. All Rights Reserved.