കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ഏപ്രില്‍, മെയ് മാസങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും; ജൂണില്‍ പുതിയ ഭരണസമിതികള്‍ നിലവില്‍ വന്നേക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങള്‍. കൂടാതെ പുതുച്ചേരിയും പോളിങ് ബൂത്തിലേക്ക് നീങ്ങും. അടുത്ത വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. തമിഴ്‌നാട്, അസ്സം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് മറ്റുള്ളവ. മെയ് 24നകം തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അറിയിച്ച കമ്മിഷന്‍ തമിഴ്‌നാട്ടിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ആവശ്യം തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നോ പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും കമ്മിഷനിലെ മുതിര്‍ന്ന ഓഫീസര്‍ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം ആരംഭിച്ചു കഴിഞ്ഞു. ബംഗാള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നസീം സെയ്ദിയും കമ്മിഷന്‍ അംഗങ്ങളായ അചല്‍ കുമാര്‍ ജ്യോതി, ഒ.പി റാവത്ത് എന്നിവര്‍ തിങ്കളാഴ്ച അസ്സമിലെത്തും. അടുത്ത രണ്ടു മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ മറ്റു സംസ്ഥാനങ്ങളിലും സന്ദര്‍ശനം പൂര്‍ത്തിയാക്കും. ഇതിനു ശേഷമായിരിക്കും അന്തിയ ഷെഡ്യൂള്‍ തീരുമാനിക്കുക. മാര്‍ച്ചോടെ കേരളത്തില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടായേക്കുമെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.