മുക്കം മൈസൂര്‍ മല ക്വാറി മാഫിയ കയ്യടക്കി; നിയമം കാറ്റില്‍പറത്തി പോപ്‌സും ഊരാളങ്കനും ഉള്‍പ്പെടെ വന്‍കിടക്കാര്‍ വ്യാപകമായി പാറപൊട്ടിക്കുന്നു; തണ്ണീര്‍ത്തടങ്ങള്‍ക്ക് മരണമണി; ജനജീവിതം ദുസ്സഹം

എസ്. വിനേഷ് കുമാര്‍

കോഴിക്കോട്: കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ഭാഗത്ത് മൈസൂര്‍മലയുടെ ചുറ്റുഭാഗങ്ങളില്‍ വലുതും ചെറുതുമായ നിരവധി ക്വാറികളാണുള്ളത്. 600 ഹെക്ടര്‍ വാട്ടര്‍ഷെഡ്ഡ് പ്രദേശത്ത് തണ്ണീര്‍ത്തടങ്ങളും തോടുകളും ഗതിമാറ്റിയും തടസ്സപ്പെടുത്തിയുമാണ് കോര്‍പറേറ്റ് ഭീമനായ പോപ്‌സ് ഉള്‍പ്പെടെ ക്വാറിയും ക്രഷറും സ്ഥാപിച്ച്
പാറപൊട്ടിക്കുന്നതും കടത്തുന്നതും. പാരിസ്ഥിതികമായി ഏറെ ദുര്‍ബലമായ പ്രദേശത്താണ് റവന്യു, ജിയോളജി അധികാരികളുടെ ഒത്താശയോടെ നിയമംലംഘിച്ച്
വ്യാപകമായ പാറഖനനം. ഏകദേശം 300 ഏക്കറോളം സ്ഥലം ഇപ്രകാരം ക്വാറി മാഫിയ കയ്യടക്കിയിട്ടുണ്ട്. പോപ്‌സ് കൂടാതെ ഊരാളുങ്കന്‍, ചേലുപ്പാറ, മാര്‍വ ഉള്‍പ്പെടെയുള്ളവരാണ് ഇവിടെ ക്വാറിയും ക്രഷറും സ്ഥാപിച്ച് പ്രകൃതിയെ ദ്രോഹിക്കുന്നത്. രംഗശേഷ ഹില്‍സില്‍ വരുന്ന 732 ഏക്കര്‍ മിച്ചഭൂമിയില്‍ വ്യാപകമായ കയ്യേറ്റം നടന്നിട്ടും അധികാരികള്‍ ആലസ്യം വിട്ടുണര്‍ന്നിട്ടില്ല. പുലര്‍ച്ചെ മുതല്‍ നേരം ഇരുട്ടുവോളം തോട്ടുമുക്കം പ്രദേശത്ത് കല്ലുമായി പോകുന്ന ടിപ്പറുകളുടെ ചീറിപ്പാച്ചിലാണ്.
26 ചെറുകിട തോടുകള്‍ ചേര്‍ന്ന് രൂപപ്പെട്ട പെരുവമ്പൊയില്‍ വലിയ തോടിന്റെ നിലനില്‍പ്പ് തന്നെ ഇതോടെ അവതാളത്തിലായിരിക്കുകയാണ്. മാത്രമല്ല സ്ഥലത്ത് മലയിടിച്ചിലും മണ്ണൊലിപ്പുംകാരണം മൈസൂര്‍മല താഴോട്ട്‌പോകാന്‍ അധികകാലം വേണ്ടിവരില്ലെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജരേഖകള്‍ ഉണ്ടാക്കി സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെടെ കയ്യേറിയാണ് ഇവിടെ ക്വാറിമാഫിയയുടെ തേരോട്ടം. വേനലില്‍ ജലസ്രോതസ്സുകള്‍ പലതും വറ്റിവരളുകയും പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാവുകയും പതിവാണ്. അരുവികള്‍ പലതും ഇപ്പോള്‍തന്നെ വറ്റിവരണ്ട അവസ്ഥയാണ്. ക്വാറിയില്‍ വലിയ സ്‌ഫോടനങ്ങള്‍ നടക്കുന്നതിനാല്‍ പ്രദേശത്തെ വീടുകളില്‍ വിള്ളലുള്‍പ്പെടെ കേടുപാടുകളുണ്ടാകുന്നത് പതിവാണ്. കല്ലുപൊടി കുത്തിയൊലിച്ചെത്തി പെരുവമ്പൊയില്‍ തോട് ഏറെക്കുറെ നികന്നുതുടങ്ങിയതായി ഗ്രാമവാസികള്‍ ചൂണ്ടിക്കാട്ടുന്നു

q4.

2001മമുതലാണ് തോട്ടുമുക്കം ഭാഗത്ത് ക്വാറികള്‍ സ്ഥാപിച്ചുതുടങ്ങിയത്. വലിയതോതില്‍ പാറകളുള്ളമല ലക്ഷ്യം വച്ച് മുക്കത്ത് ആദ്യമായെത്തിയത് പോപസ് പോലുള്ള വന്‍കിട കമ്പനികളാണ്. നെല്ലിയാമ്പതിയിലുള്‍പ്പെടെ അനധികൃത പാറഖനനത്തിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച പോപ്‌സ് മുക്കത്തും പ്രകൃതി ചൂഷണം സമാനമായരീതിയില്‍തന്നെയാണ് നടത്തുന്നത്. ഊരാളുങ്കന്‍ ഉള്‍പ്പെടെയുള്ളവരും പിന്നീട് ക്വാറിയും ക്രഷറും തുടങ്ങി. പിന്നീടിത് വലിയ മാഫിയ സ്വാഭാവത്തിലേക്ക് വന്നു. എതിര്‍ക്കുന്നവരെ പണംകൊടുത്തും വശത്താക്കിയും അല്ലാത്തവരെ ഭീഷണിപ്പെടുത്തിയും ക്വാറി മാഫിയ മുക്കത്ത് അതിവേഗം വളരുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ ഇറക്കിയാണ് ഇവിടെ പാറപൊട്ടിക്കലും കടത്തും വ്യാപകമായിരിക്കുന്നത്. ഈ പരിസരത്ത് സംശയസാഹചര്യത്തിലെത്തുന്നവരെ കൈകാര്യം ചെയ്യാന്‍ ഗുണ്ടകളുമുണ്ട്. കൊലക്കേസ് പ്രതികളും മറ്റ് നിരവധി ക്രിമിനല്‍ക്കേസിലകപ്പെട്ട് നാടുവിട്ടവരുമൊക്കെയായി വലിയൊരു ഗുണ്ടാസംഘമാണ് വന്‍കിടക്കാര്‍ക്ക് വേണ്ടി ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ ജീവനില്‍പ്പേടിയുള്ളവരാലും ക്വാറിമാഫിയയെ എതിര്‍ക്കാന്‍ രംഗത്തിറങ്ങാറില്ല. പാറഖനനം മൂലം ദുരിതംപേറുന്ന പ്രദേശവാസികള്‍ കര്‍മ്മസമിതിയുണ്ടാക്കി മുന്‍കാലങ്ങളില്‍ ക്വാറി മാഫിയയ്‌ക്കെതിരെ രംഗത്ത് വന്നെങ്കിലും പണംവാരിയെറിഞ്ഞും ഗുണ്ടാഭീഷണിയിലൂടെയും ഇതെല്ലാം പൊളിച്ചു. രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമുള്‍പ്പെടെ പങ്കാളിത്തതോടെയാണിവിടെ ക്വാറികളും ക്രഷറുകളും നടത്തുന്നതെന്നാണ് ആക്ഷേപം. സ്ഥലത്തെ ഒരു പ്രമുഖ ജനപ്രതിനിധിയാണ്
ക്വാറി മാഫിയയെ വഴിവിട്ട് സഹായിക്കുന്നതെന്ന് ആരോപണമുണ്ട്. ഇടതു-വലതു വ്യത്യാസമില്ലാതെ ഒട്ടുമിക്ക രാഷ്ട്രീയപാര്‍ട്ടികളും ഇവിടെ നിലനില്‍ക്കുന്നത് തന്നെ ക്വാറിമാഫിയയുടെ അച്ചാരം വാങ്ങികൊണ്ടാണ്. അതുകൊണ്ടുതന്നെ ക്വാറിമാഫിയക്കെതിരെ ഒരക്ഷരം മിണ്ടാന്‍ ആരും തയ്യാറല്ല.

quarry

യാതൊരു വിധത്തിലുമുള്ള പാരിസ്ഥിതിക ആഘാതപഠനം നടത്താതെയാണ് മുക്കത്തെ മൈസൂര്‍ മല പൊട്ടിച്ചുതള്ളുന്നത്. നിലവിലെ സാഹചര്യത്തില്‍ ജിയോളജിയുടെയും മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെയും പഞ്ചായത്തിന്റെയുമൊക്കെ അനുമതി ഇവിടെ എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിക്കുമ്പോഴാണ് ലക്ഷങ്ങളുടെ കൈക്കൂലിക്കഥകള്‍ പുറത്തേക്ക് വരിക. എല്‍ഡിഎഫ് ഭരിക്കുന്ന കൊടിയത്തൂര്‍ പഞ്ചായത്തില്‍തന്നെ പ്രദേശവാസികള്‍ നിരവധി തവണ കയറിയിറങ്ങിയെങ്കിലും യാതൊരു ഗുണവുമുണ്ടായില്ല. മാത്രമല്ല 600 ഹെക്ടറില്‍ വാട്ടര്‍ഷെഡായി പ്രഖ്യാപിച്ച സ്ഥലത്ത് എങ്ങനെ ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും അനുമതി ലഭിച്ചെന്ന് അന്വേഷിച്ചാലും നിയമലംഘനങ്ങളും അഴിമതിയുമാണ് പുറത്തേക്കുവരുന്നത്. ക്രഷറുകളിലെയും ക്വാറികളിലെയും പുകപടലങ്ങള്‍ കാരണം കുട്ടികളിലുള്‍പ്പെടെ മാരകരോഗങ്ങള്‍ വ്യാപകമാകുമ്പോള്‍ മലിനീകരണനിയന്ത്രണ ബോര്‍ഡിനും മിണ്ടാട്ടമില്ല.2009ല്‍ ഉരുള്‍പൊട്ടലുണ്ടായി നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ച ബെല്‍റ്റിലാണ് എല്ലാ മാനദണ്ഡങ്ങളും മറികടന്ന് നിയമങ്ങളെ പുച്ഛിച്ചുതള്ളി വന്‍കിടക്കാരുടെ ക്വാറികളും ക്രഷറുകളും നിര്‍ബാധം പ്രവര്‍ത്തിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.