സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ തീവ്രശ്രമം നടത്തും; സിറിയന്‍ വിമതരുമായി ചര്‍ച്ച നടത്താന്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ തീരുമാനം

ന്യൂയോര്‍ക്ക്: ഏറ്റുമുട്ടല്‍ ശക്തമായ സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള പദ്ധതിയുമായി ഐക്യരാഷ്ട്രസഭ രക്ഷാസമിതി രംഗത്ത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ അധ്യക്ഷതയിലായിരുന്നു ചര്‍ച്ചകള്‍. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ ചേര്‍ന്ന 15 അംഗ രക്ഷാസമിതിതിയാണ് പദ്ധതി അംഗീകരിച്ചത്. സിറിയന്‍ സര്‍ക്കാരും വിമതരുമായുള്ള ചര്‍ച്ചയടക്കം പ്രശ്‌നപരിഹാരത്തിന് നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചത്. എന്നാല്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ കാര്യത്തില്‍ സമിതിയില്‍ രണ്ട് അഭിപ്രായം ഉയര്‍ന്നു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അസദിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ റഷ്യയും ചൈനയും വിരുദ്ധ നിലപാട് എടുത്തു. ജനവരി ആദ്യം തന്നെ സിറിയയില്‍ വെടിനിര്‍ത്തലുണ്ടാക്കാനും രാഷ്ട്രീയ മാറ്റത്തിനായുള്ള ചര്‍ച്ചകള്‍ തുടങ്ങാനും ധാരണയായി. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ നുസ്‌റ തുടങ്ങിയ തീവ്രവാദ സംഘങ്ങളുമായി ചര്‍ച്ചകള്‍ നടത്തില്ല. അമേരിക്കയുടേയും റഷ്യയുടേയും നേതൃത്വത്തില്‍ ഇവര്‍ക്കെതിരെ നടത്തുന്ന വ്യോമാക്രമണങ്ങള്‍ തുടരും. ആറ് മാസത്തിനകം രാജ്യത്ത് നിഷ്പക്ഷമായ സര്‍ക്കാര്‍ സംവിധാനം ഉറപ്പ് വരുത്തും. 18 മാസത്തിനുള്ളില്‍ ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ പൊതുതിരഞ്ഞെടുപ്പ് നടത്താനും യോഗത്തില്‍ ധാരണയായി. അഞ്ചാം വര്‍ഷത്തോളമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ സിറിയയില്‍ രണ്ടര ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. വിമത പ്രശ്‌നം അടിയന്തിരമായി പരിഹരിഹരിക്കാനുള്ള ശ്രമമാണ് ഐക്യരാഷ്ട്രസഭയുടെ തീരുമാനം.