മുസ്ലിംസംഘടനകളെല്ലാം ഭീകരപ്രസ്ഥാനങ്ങളോ? ഫാസിസ്റ്റ് വിരുദ്ധ മനുഷ്യസംഗമത്തിന്റെ അജണ്ടയാരാണ് നിശ്ചയിക്കപ്പെടുന്നത്?

എറണാകുളത്ത് നടക്കാനാരിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ മനുഷ്യസംഗമത്തില്‍ നിന്ന് മുസ്ലിം സംഘടനകളെ മാറ്റി നിര്‍ത്തിയതിന്റെ പിന്നിലെ അയുക്തിപരമായ അജണ്ട ചോദ്യം ചെയ്യുകയാണ് മാധ്യമപ്രവര്‍ത്തകയായ പ്രിന്‍സി ആമി

prii

ഫാസിസ്റ്റ് വിരുദ്ധ മനുഷ്യസംഗമത്തില്‍ മത രാഷ്ട്രീയ സംഘടനകളെ മാറ്റിനിര്‍ത്തിയത് അഭികാമ്യമാണോ? മതത്തിന് പുറത്താണോ ഫാസിസം മതത്തിനകത്താണോയെന്ന ചോദ്യം ഇവിടെ ഉന്നയിക്കുന്നത് പ്രസക്തമല്ല. മതസംഘടനകളെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തിയൊരു മനുഷ്യസംഗമം പുതിയ സാഹചര്യത്തില്‍ അനിവാര്യതയാണൊയെന്ന് സംഘാടകര്‍ പുനര്‍:ചിന്തനം നടത്തുന്നത് നന്നായിരിക്കും. മതേതരത്വത്തെ അംഗീകരിക്കുന്ന, സഹിഷ്ണുത ആഗ്രഹിക്കുന്ന എല്ലാ മതേതരവിശ്വാസികളെയും സംഗമത്തില്‍ കണ്ണിചേര്‍ക്കാമയിരുന്നെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അടുത്തകാലത്ത് ഫാസിസവും അസഹിഷ്ണുതയും ഉയര്‍ന്നു വന്നത് ആര്‍ എസ് എസ്സിന്റെ ചില നിലപാടുകളുടെയും ഗോമാംസവും മുസ്ലിം വിരുദ്ധതയുടെയും പേരിലാണെന്നിരിക്കെ മനുഷ്യസംഗമം ഒരു തുറന്നു പറച്ചില്‍ ആയി മാതൃക ആവുകയല്ലേ വേണ്ടത്. മതം നോക്കാതെ ഫാസിസത്തെ എതിര്‍ക്കുന്ന മനുഷ്യരെയാണ് മനുഷ്യസംഗമം കൊണ്ട് ഉദേശിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഒരു സംഘടനയെയും ഒഴിവാക്കാന്‍ പാടില്ലാത്തത് തന്നെയാണ് .സംഘടനകള്‍ക്ക് വിലക്കുണ്ടെങ്കില്‍ അതിനു പിന്നില്‍ ഇസ്ലാമോഫോബിയ ആണെന്ന ചര്‍ച്ചകള്‍ സജീവമാണ്. മുസ്ലിം സംഘടനകള്‍ സംഗമത്തില്‍ പങ്കെടുക്കാത്തത് അവര്‍ സ്വയം എടുത്ത തീരുമാനത്തിന്റെ പുറത്താണോ അതോ അവരെ വിലക്കിയതുകൊണ്ടാണോ? ഇങ്ങനെ ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്.

fascism (1)

പച്ച മനുഷ്യര്‍ക്ക് മാത്രം പ്രവേശനം!! അത് എത്രത്തോളം പ്രായോഗികമാണ്? മതമില്ലാതെ ജീവിക്കുന്ന എത്ര പച്ച മനുഷ്യര്‍ ഉണ്ട്. ഒരു മത വിശ്വാസി ആയതുകൊണ്ട്, സാമുദായിക സംഘടനയില്‍ വിശ്വസിക്കുന്നതുകൊണ്ട് മനുഷ്യത്വം ഇല്ലാതവരാകും എന്നാണോ പറഞ്ഞുവെയ്ക്കുന്നത്. ഇസ്ലാം തന്നെ ഒരു പരിധിവരെ ഫാസിസമാണ് പിന്നെ എങ്ങനെ ആണ് ഇസ്ലാമിക സംഘടനയെ ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിനു വിളിക്കുന്നത് എന്നാണെങ്കില്‍ ആര്‍ എസ് എസുകാര്‍ക്ക് അല്ലെങ്കില്‍ ഹിന്ദു സാമുദായിക സംഘടനകള്‍ക്ക് വിലക്കില്ലതായത് എങ്ങനെ ആണ് ? സോളിഡാരിറ്റിക്കും, ജമാ അത്ത് ഇസ്ലാമിക്കും, പിഡിപ്പിക്കും, മുസ്ലിം ലീഗിനും മാത്രം ഭ്രഷ്ട് കല്‍പ്പിച് മനുഷ്യ സംഗമം നടത്തുമ്പോള്‍ അത്ത് എത്രത്തോളം പൂര്‍ണമാകുമെന്നത് തന്നെയാണിവിടെ ചര്‍ച്ചചെയ്യപ്പെടേണ്ടത്. മതം ഇല്ലാത്തവരുടെ സംഗമം അല്ലല്ലോ മനുഷ്യ സംഗമം. 40 സംഘടനകളില്‍ നിന്ന് മുസ്ലിം സംഘടനകള്‍ക്ക് മാത്രം വിലക്കുണ്ടായത് എന്തായാലും മതേതര ജനാധിപത്യ കേരളത്തിന് ഭൂഷണമായിരിക്കില്ല.

tttt

ദളിതരെയും മുസ്ലിങ്ങളെയും ഇരകളാക്കുന്ന സംഘ്പരിവാര്‍ ഫാസിസതിനെതിരെയാണ് മനുഷ്യസംഗമം എങ്കില്‍ ഇതെന്തു വിരോധാഭാസമാണ്? മതമൗലിക വര്‍ഗ്ഗീയവാദികള്‍ക്ക് എതിരെയാണ് സംഗമം എങ്കിലും ഇത് ന്യായീകരിക്കാന്‍ ആകുമോ? ഫാസിസ്റ്റ് അമിതാധികാര വേഴ്ചയ്‌ക്കെതിരായ ജനകീയ പ്രതിരോധമാണ് മനുഷ്യ സംഗമം എന്നാ ആശയം കൊണ്ട് ഉദ്ദേശിക്കുന്നത് . ആശയത്തോട് 100 ശതമാനം യോജിക്കുന്നു, പക്ഷെ സംഘടനകളുടെ പേരില് മനുഷ്യരെ തരം തിരിച്ചു മനുഷ്യ സംഗമം സംഘടിപ്പിക്കുന്നതിലെ യുക്തി മനസിലാകുന്നില്ല. അഭയ് സാഹു, എം.എ.ബേബി, കാനം രാജേന്ദ്രന്‍,ഷാനിമോള്‍ ഉസ്മാന്‍, എന്‍.എസ്.മാധവന്‍, എം.എന്‍.രാവുണ്ണി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാസംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ആക്ടിവിസ്റ്റ് കളും, എഴുത്തുകാരും ഉള്‍പ്പെടെ അണിചേരുന്നുണ്ട്. പരസ്പരം കൈകോര്‍ത്ത് തന്നെയാണ് നടക്കേണ്ടത്, നിറം നോക്കാതെ, ജാതിയും, മതവും നോക്കാതെ. ആശയത്തോട് യോജിക്കുമ്പോഴും സംഘാടനരീതിയോടു വിയോജിക്കാതെ തരമില്ല.

jama

അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കെടുക്കുന്നവരും എപ്പോഴും ഓര്‍ക്കേണ്ടത് നിലനില്‍പ് എന്നത് എല്ലാവരുടെയും ആവശ്യം ആണ് എന്നാണ്. ഫാസിസത്തിനെതിരെയുള്ള പ്രതിരോധമാണ് സാന്നിധ്യം എങ്കില്‍ പച്ചയായ എല്ലാ മനുഷ്യര്‍്ക്കും പങ്കെടുക്കാന്‍ കഴിയണം. നിലവിളികള്‍ പോര്‍വിളികളായി മാറുന്ന കാലത്തിലെക്കെങ്കില്‍ ആ സംഗമത്തിന് ഒരു രാഷ്ട്രീയം ഉണ്ടാവണം. ആഷിഖിനെയും റീമയെയുംപോലെ സാമൂഹ്യ പ്രതിബദ്ധതയോടെ പെരുമാറുന്നവര്‍ക്ക് വികൃതമായ ചോദ്യങ്ങാളാകം ഇതൊക്കെ, അനവസരത്തില്‍ ഉള്ളതും ആകാം. ഏതെങ്കിലും മനുഷ്യരോട് ഫാസിസ്റ്റ് വിരുദ്ധ സമരത്തിനു വരേണ്ടെന്നു പറയുമ്പോള്‍ അതിന്റെ അജണ്ടയാണ് സംശയത്തിന്റെ നിഴലിലാവുന്നത്. മനുഷ്യന്‍ എന്നാ നിലയില്‍ അത് ഏത് മനുഷ്യനായാലും ഉമ്മന്‍ ചാണ്ടി ആയാലും, വി എസ് അച്യുതാനന്ദന്‍ ആയാലും, മീന കന്തസ്വാമി ആയാലും , വെള്ളാപ്പള്ളി ആയാലും, നരേന്ദ്രമോഡി ആയാലും പങ്കെടുക്കാന്‍ കഴിയുമ്പോഴല്ലേ ആ പോരാട്ടം വിജയം ആകുന്നത്. മതം പരാമര്‍ശിക്കാതെ, രാഷ്ട്രീയം പരാമര്‍ശിക്കാതെ കള്ളനെന്നോ, ധനികനെന്നോ, വേശ്യയെന്നോ നോക്കാതെ വേണ്ടേ അത് നടത്താന്‍. പക്ഷെ അങ്ങനെ ആണോ ആ വിഷയത്തെ സമീപിച്ചിരിക്കുന്നത് ? അധ്യാപകന്റെ കൈ വെട്ടിയത് ഫാസിസം ആണ്. ജമാ അത്തെ ഇസഌമിയുടെ കോളേജിലാണ് ജീന്‍സ് ധരിക്കുന്ന വനിത ഫോട്ടോഗ്രാഫറെ കഌസ് എടുക്കാന്‍ അനുവദിക്കാതിരുന്നതും ഫാസിസം ആണ്. സവര്‍ണ ഫാസിസതിനെതിരെ മാത്രം ഉള്ള മനുഷ്യരുടെ സംഗമം മാത്രമല്ലല്ലൊയിത്.

nun-gangrape-west-bengal

കേരളത്തിലെ മതജാതി സംഘടനകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഒന്നുംതന്നെ കാര്യമായി വിപ്ലവകരമായ മുന്നേറ്റത്തിന് തേരുതെളിച്ചിട്ടില്ല. എസ്എന്‍ഡിപി ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നെന്ന് നമ്മള്‍ കണ്ടല്ലൊ.എന്‍എസ്എസും ജാതീയമായിത്തന്നെ ഒതുങ്ങുന്നു. കാക്കത്തൊള്ളയിരും ക്രിസ്ത്യന്‍സംഘടനകളുള്ള നാട്ടില്‍ ഇവരും സാമൂഹ്യപരമായി ഒരു മുന്നേറ്റവും നടത്തുന്നില്ല. സമുദായത്തിലേക്ക് ഒതുങ്ങുകതന്നെയാണിവരും. മുസ്ലിംസംഘടനകളുടെ കാര്യമെടുത്താല്‍ ജമാഅത്തെ ഇസ്ലാമിയുടെ മൗദൂദി ആശയത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെങ്കിലും കേരളസമൂഹത്തില്‍ പുരോഗമനപരമായ ഒരു പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നതില്‍ പേരിനെങ്കിലും അവര്‍ ഉണ്ട്. മനുഷ്യാവകാശം പ്രസംഗിക്കുന്ന എസ്ഡിപിഐയെ വളരെ ജാഗ്രതയോടെ കാണേണ്ട സംഘടനയാണ്. അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിലുള്‍പ്പെടെ പ്രതികൂട്ടില്‍ നിന്നവര്‍. സുന്നി രണ്ട് വിഭാഗങ്ങളും കാര്യമായ വര്‍ഗീയ അജണ്ടകളൊന്നുമില്ലാതെ യാഥാസ്തികതയുടെ പുതപ്പിനുള്ളില്‍ ചുരുണ്ട് ഉറങ്ങുന്നു. പുരോഗമനമെന്ന് ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും മുജാഹിദീന്‍ രണ്ട് സംഘടനകളും ഇസ്ലാം പ്ലാറ്റ്‌ഫോമില്‍ പ്രസംഗം ഒരുകലയാക്കിതന്നെ കൊണ്ടുനടക്കുന്നു.

sssss

ഹിന്ദു മതത്തിലുണ്ടായ മാറ്റങ്ങള്‍ക്കപ്പുറം നവോത്ഥാനപ്രവര്‍ത്തനങ്ങളൊന്നും കേരളമണ്ണില്‍ ആഴ്ന്നിറങ്ങിയില്ലെന്നത് അംഗീകരിക്കേണ്ട കാര്യംതന്നെയാണ്. അതിന്റെയൊരു സാധ്യതയിലേക്കാണ് മനുഷ്യസംഗമംപോലുള്ള വിപ്ലവകരവും സാമൂഹ്യപരവുമായ മുന്നേറ്റങ്ങള്‍ എത്തേണ്ടത്. അപ്പോള്‍ അതിന്റെ ഭാഗവാക്കാവേണ്ടവരെ മാറ്റിനിര്‍ത്തുന്നതിലെ അശ്ലീലതാണ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരിക. അയിത്തം കല്‍പ്പിച്ച് തീണ്ടാപാടകലെ മാറ്റിനിര്‍ത്തുമ്പോള്‍ കൂടുതല്‍ അരാജകമാകാനെ പലസംഘടനകള്‍ക്കും കഴിയുകയുള്ളു. ഒപ്പംനിര്‍ത്തേണ്ടതിന്റെ മാനവികമായ, മനുഷ്യാവകാശപരമായ സാധ്യതകളായിരുന്നു സംഘാടകര്‍ പരിശോധിക്കേണ്ടത്. മതയാഥാസ്തികരും സംഘടനകളും ഒരു കാരണവശാലും സംഗമത്തില്‍ പുരോഗമനപരമായൊരു നിലപാട് സ്വീകരിക്കില്ലന്ന് നമുക്കൊക്കെ അറിയാം. ചുംബനസമരത്തോട് പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയില്ലെങ്കിലും സദാചാര പൊലീസിംഗിനെതിരെയുള്ള സാമൂഹ്യമുന്നേറ്റം എന്ന നിലയില്‍ അതിനെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട് നമ്മളൊക്കെ. അന്ന് മാറിനിന്നവര്‍ തന്നെയാണ് ഒട്ടുമിക്ക എല്ലാ മതസംഘടനകളും. പക്ഷേ മനുഷ്യസംഗമത്തിന്റെ സ്വാഭാവംവച്ച് ചിലരെ മാറ്റിനിര്‍ത്തിയും ചിലര്‍ക്കൊപ്പം ഒട്ടിനിന്നും നടത്തേണ്ടൊരു ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയാണോ കേരളംപോലെ ഇന്‍ഡലക്ച്വല്‍ ആയ പ്ലാറ്റ് ഫോമില്‍ ഉണ്ടാവേണ്ടതെന്ന് ചിന്തിക്കേണ്ടൊരു കാര്യം തന്നെയാണ്.

© 2024 Live Kerala News. All Rights Reserved.