തിരുവനന്തപുരം: മോഹന്‍ലാല്‍-മീന കൂട്ടുകെട്ടിന്റെ എല്ലാ ചിത്രങ്ങളും ഏറെക്കുറെ വന്‍ വിജയം നേടിയിരുന്നു. ലാല്‍-ഊര്‍വശി, ലാല്‍-ശോഭന പോലെ അങ്ങനെ മീനയും ലാലിന്റെ ഭാഗ്യ ജോഡിയായി. ജീത്തു ജോസഫിന്റെ ദൃശ്യത്തിന്റെ വന്‍ വിജയത്തിനുശേഷമാണിപ്പോള്‍ മീന മോഹന്‍ ലാലിന്റെ നായികയായി എത്തുന്നത്. ‘വെള്ളിമൂങ്ങ’യുടെ വിജയത്തിനുശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മീനയും ലാലും വീണ്ടും ഒന്നിക്കുന്നത്. സോഫിയ പോളാണ് നിര്‍മാതാവ്. വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍, ബാംഗ്ലൂര്‍ ഡെയ്‌സിനുശേഷം സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. എം. സിന്ധുരാജിന്റെതാണ് തിരക്കഥ. കോഴിക്കോട് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം ആശിര്‍വാദ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. പി.ആര്‍.ഒ. വാഴൂര്‍ ജോസ്. ഭാഗ്യ താരജോഡികളുടെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.