ബീഫിന്റെ പേരില്‍ രാജ്യത്ത് വീണ്ടും സംഘര്‍ഷം; ബീഫ് കടത്തുന്നെന്നാരോപിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ട്രക്ക് തടഞ്ഞു

ന്യൂഡല്‍ഹി: ബീഫിന്റെ പേരില്‍ ഡല്‍ഹിക്ക് സമീപം പാല്‍വാളിലാണ് സംഘര്‍ഷമുണ്ടായത്. ബീഫ് കടത്തിയതെന്നാരോപിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയത്. പല്‍വാള്‍ വഴി ഉത്തര്‍പ്രദേശിലേക്ക് പോകുകയായിരുന്ന ട്രക്കില്‍ ബീഫ് കടത്തുന്നുവെന്ന് ആരോപിച്ചാണ് വലിയ ആള്‍ക്കൂട്ടം വാഹനം തടഞ്ഞുനിര്‍ത്തിയത്. വാഹനത്തിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയും, സഹായിക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു. അക്രമാസക്തരായ ജനക്കൂട്ടം ട്രക്ക് തകര്‍ക്കുകയും സംഭവസ്ഥലത്ത് എത്തിയ പൊലീസുകാരെ മര്‍ദിക്കുകയും ചെയ്തു. ആക്രമണത്തില്‍ അഞ്ചുപൊലീസുകാര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് പരുക്കേറ്റു. അഞ്ചുമണിക്കൂറോളം നീണ്ടുനിന്നതിനുശേഷമാണ് പൊലീസുകാര്‍ക്ക് സ്ഥിതിഗതികള്‍ ശാന്തമാക്കുവാന്‍ സാധിച്ചത്. അതേസമയം ട്രക്കില്‍ നിന്നും കണ്ടെടുത്തത് ബീഫല്ലാ, ഒട്ടകമിറച്ചിയാണെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥലത്തിപ്പോഴും സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.