കമല്‍ഹാസന്‍-ടി.കെ രാജീവ് കുമാര്‍ ഒന്നിക്കുന്ന അപ്പ അമ്മ വിളയാട്ടിന്റെ ചിത്രീകരണം ജനുവരിയില്‍ ; ലോക്കേഷന്‍ ന്യൂയോര്‍ക്കും ജോര്‍ജിയയും

ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള സംവിധായകന്‍ ടി. കെ രാജീവ് കുമാറിന്റെ ചിത്രത്തില്‍ പ്രധാനകഥാപാത്രമാകുന്നത് ഉലകനായകന്‍ കമല്‍ഹാസന്‍. അപ്പ അമ്മ വിളയാട്ട് എന്നാണ് തമിഴില്‍ എത്തുമ്പോള്‍ ചിത്രത്തിന്റെ പേര്. മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും ഉള്‍പ്പെടെ ബഹുഭാഷാചിത്രമാണ് ഉദേശിക്കുന്നത്. അമ്മ നാന ആത്ത എന്ന് തെലുങ്കിലും ടൈറ്റില്‍ വരും. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് നേരത്തേ ചിത്രം പ്ലാന്‍ ചെയ്തിരുന്നത്. വരുന്ന ജനുവരിയില്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ അമേരിക്കയിലെ ന്യൂയോര്‍ക്കും റഷ്യയിലെ ജോര്‍ജിയയുമാണ്. അമേരിക്കയില്‍ പൂര്‍ണമായും ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും വിദേശികളായിരിക്കും. 1989ല്‍ ടി കെ രാജീവ്കുമാറിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രം ചാണക്യനാണ് മലയാളത്തില്‍ കമല്‍ഹാസന്റെ അവസാന മുഴുനീള കഥാപാത്രം. പുതിയ ചിത്രത്തില്‍ അമല അക്കിനേനിയും സറീന വഹാബും കമലിനൊപ്പം എത്തും. എന്നാല്‍ ഹിന്ദി പതിപ്പിലേക്ക് വേറൊരു നായികയെയാണ് ഉദേശിക്കുന്നത്. മലയാളികള്‍ എക്കാലവും ഓര്‍മ്മിക്കുന്ന ചാണക്യനെപ്പോലെതന്നെ പുതിയ ചിത്രവും ആകര്‍ഷകമാക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

© 2025 Live Kerala News. All Rights Reserved.