ഭീകരരെന്നു തെറ്റിദ്ധരിച്ചു വിനോദസഞ്ചാരികളെ ഈജിപ്ത്യന്‍ സൈന്യം കൊലപ്പെടുത്തി

കെയ്‌റോ: ജിഹാദികള്‍ എന്നു തെറ്റിദ്ധരിച്ച് മെക്‌സിക്കന്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 12 പേരെ ഈജിപ്ത്യന്‍ സൈന്യം കൊലപ്പെടുത്തി. അല്‍ വഹാത്ത് പ്രദേശത്തെ മരുഭൂമിയിലൂടെ നാലു കാറുകളിലായി യാത്ര ചെയ്തിരുന്ന വിനോദസഞ്ചാരികളാണ് ആക്രമണത്തിന് ഇരയായത്. ഭീകരര്‍ എന്നു തെറ്റിദ്ധരിച്ചാണ് ഇവരെ വെടിവച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. 12 പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് ഇപ്പോഴത്തെ വിവരം. ഇവരെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നു സംബന്ധിച്ചുള്ള വിവരവും മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

ഇസ് ലാമിക് സ്റ്റേറ്റ് ഭീകരരുടെ പ്രധാന ഒളിത്താവളമാണ് ഈ പ്രദേശം. സാധാരണ വളരെ അപൂര്‍വമായിട്ടേ ഇവിടെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാറുള്ളൂ. കഴിഞ്ഞ മാസം ഫ്രഞ്ച് കമ്പനിയിലെ ജോലിക്കാരനായ ക്രയേഷ്യയില്‍ നിന്നുള്ള ഒരു യുവാവിനെ ഭീകരര്‍ ഈ പ്രദേശത്ത് വച്ച് തലയറുത്ത് കൊന്നിരുന്നു. മാത്രമല്ല സുരക്ഷാ സൈനികര്‍ക്കുനേരെ നിരവധി ആക്രമണങ്ങളും ഭീകരര്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സൈന്യം കര്‍ശന നിരീക്ഷണം നടത്തിവരികയായിരുന്നു.

© 2025 Live Kerala News. All Rights Reserved.