ജൈനമത ഉത്സവം: മുംബൈയില്‍ നാലുദിവസത്തേക്ക് ഇറച്ചിക്കും മീനിനും നിരോധനം

മുംബൈ: ജൈന മതക്കാരുടെ ഉത്സവം പ്രമാണിച്ച് നാലു ദിവസത്തേക്ക് മുംബൈയില്‍ ഇറച്ചിയും മീനും നിരോധിക്കാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. സപ്തംബര്‍ 10,13,17,18 ദിവസങ്ങളില്‍ മാട്ടിറച്ചി, കോഴിയിറച്ചി, മീന്‍ കടകള്‍ തുറക്കുന്നതിനും മൃഗങ്ങളെ കൊല്ലുന്നതിനുമാണ് നിരോധനം. സപ്തംബര്‍ 10 മുതല്‍ 17 വരെ ജൈന സമൂഹം ഉപവാസ ഉത്സവമായ പര്‍യുഷാന്‍ ആചരിക്കുകയാണ്. ഈ ദിവസങ്ങളില്‍ ഇറച്ചിക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

സീനിയര്‍ ബി.ജെ.പി സാമാജികരായ രാജ് പുരോഹിതും അതുല്‍ ഭട്ടഖാല്‍ക്കറും നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ ശിവസേന അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തി. കോര്‍പ്പറേഷനോ ഏതെങ്കിലും സമുദായമോ അല്ല മറ്റുള്ളവര്‍ എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് എന്ന് ശിവസേന വ്യക്തമാക്കി. ഒരു പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാനാണ് ബി.ജെ.പി നിരോധനം ഏര്‍പ്പെടുത്തുന്നത് എന്ന് എം.എന്‍.എസും ആരോപിച്ചു.

താനെയില്‍ ബി.ജെ.പി ഭരിക്കുന്ന മീരഭയാന്ദര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും ജൈന ഉത്സവം നടക്കുന്ന എട്ട് ദിവസങ്ങളിലും ഇറച്ചി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേ ഉത്സവ സമയത്ത് രണ്ടു ദിവസത്തേക്ക് ഇവിടെ ഇറച്ചി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

© 2025 Live Kerala News. All Rights Reserved.