ബെംഗളൂരു: വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകസംഘടനകള്‍ കര്‍ണാടകയില്‍ ആഹ്വാനംചെയ്ത സംസ്ഥാന ബന്ദ്. അക്രമ സാധ്യത കണക്കിലെടുത്ത് കാര്‍ഷിക ജില്ലകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബെംഗളൂരു അടക്കമുള്ള നഗരങ്ങളെ ബന്ദ് ബാധിക്കാനിടയില്ല. കേരളത്തിലേക്കടക്കമുള്ള അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളെയും സമരം ബാധിക്കില്ല.
പ്രമുഖ കര്‍ഷകസംഘടനകളായ കര്‍ണാടക രാജ്യ റെയ്ത്ത സംഘ, കരിമ്പ് ഉല്‍പ്പാദന സംഘം എന്നിവരാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മറ്റ് നിരവധി സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളാരും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഈ സംഘടനകളുടെ ശക്തി മേഖലകളായ ധാര്‍വാഡ്,മൈസൂരു, മണ്ഡ്യ, ഹാസന്‍, ഷിമോഗ, ചാമരാജനഗര്‍ തുടങ്ങിയ ജില്ലകളിലെ ഗ്രാമങ്ങളെ മാത്രമേ ബന്ദ് സാരമായി ബാധിക്കാനിടയുള്ളു.
ബെംഗളൂരു നഗരത്തില്‍ ബസുകള്‍ സര്‍വ്വീസ് നടത്തുമെന്ന് ബി.എം.ടി.സി അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകളും, ഐ.ടി മേഖലയിലേതടക്കമുള്ള സ്വകാര്യ കമ്പനികളും പ്രവര്‍ത്തിക്കും. ബെംഗളൂരുവില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കാനാണ് സമരക്കാരുടെ നീക്കം. കലസബന്ദൂരി കുടിവെള്ളപദ്ധതി നടപ്പാക്കുക, കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ടു വെക്കുന്നത്.