ഷീന ബോറ മരിച്ചിട്ടില്ല, യുഎസിൽ ജീവിച്ചിരിപ്പുണ്ടെന്ന് ഇന്ദ്രാണിയുടെ വെളിപ്പെടുത്തൽ

മുംബൈ: മകൾ ഷീന ബോറ യുഎസിൽ ജീവിച്ചിരിപ്പുണ്ടെന്നും തന്നെ വെറുക്കുന്നതിനാലാണ് ഇന്ത്യയിലേക്ക് മടങ്ങിവരാൻ മകൾ തയാറാവാത്തതെന്നും ചോദ്യം ചെയ്യലിനിടെ ഇന്ദ്രാണി മുഖർജി വെളിപ്പെടുത്തിയതായി റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഷീന യുഎസിലേക്ക് പോയതായി ഇന്ദ്രാണി പറയുന്ന സമയത്തെ യാത്രക്കാരുടെ വിവരങ്ങൾ പൊലിസ് ശേഖരിച്ചു തുടങ്ങി. മൂന്നു വർഷമായി ഷീന ബോറ യുഎസിലുണ്ടെന്നാണ് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഇന്ദ്രാണി പറഞ്ഞിരുന്നത്.

ഷീനയുടെ മൊബൈൽ ഫോൺ ഇന്ദ്രാണി ഒരു വർഷത്തോളം ഉപയോഗിച്ചിരുന്നതായും ഷീനയുടെ പേരിൽ വ്യാജ കത്തുകളെഴുതിയതായും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഷീനയുടെ ഓഫീസിലേക്ക് വ്യാജ രാജിക്കത്തും അയച്ചിരുന്നു. കത്ത് തയാറാക്കാൻ ഇന്ദ്രാണി ഉപയോഗിച്ച ലാപ്പ്ടോപ്പ് കണ്ടെത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഇന്ദ്രാണി കള്ളം പറയുകയാണെന്നും ഷീന ബോറ കൊല്ലപ്പെട്ടിരിക്കാമെന്നും തന്നെയാണ് പൊലീസ് നിഗമനം. വനപ്രദേശത്തിലേക്ക് മൃതദേഹം കൊണ്ടു പോകാൻ ഉപയോഗിച്ചതെന്ന് കരുതുന്ന സ്യൂട്ട്കേസുകൾ ഞായറാഴ്ച പൊലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല ഷീനയുടേതെന്നു കരുതപ്പെടുന്ന തലയോട്ടിയും കഴിഞ്ഞയാഴ്ച പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.