കൊച്ചി: കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിന്റെ പേരില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനേയും സര്‍ക്കാരിനേയും വിമര്‍ശിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് അടക്കം 38 ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റി. ക്രിമിനല്‍, മിസലേനിയസ് കേസുകള്‍ കൈകാര്യം ചെയ്തിരുന്ന അലക്‌സാണ്ടര്‍ തോമസ് ഇനി മുതല്‍ സിവില്‍ കേസുകളായിരിക്കും പരിഗണിക്കുക. ഓണാവധി കഴിഞ്ഞ ശേഷം കോടതി തുറക്കുന്‌പോള്‍ മാറ്റങ്ങള്‍ നിലവില്‍ വരുമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ അറിയിച്ചു.
അതേസമയം, ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റുന്നതില്‍ അസ്വാഭാവികമായി യാതൊന്നും കോടതി വൃത്തങ്ങള്‍ പറഞ്ഞു. ഓരോ അവധിക്കു ശേഷവും ഇത്തരം മാറ്റങ്ങള്‍ നടക്കാറുണ്ടെന്നും നിയമവിദഗ്ദ്ധര്‍ പറഞ്ഞു.
പെരിങ്ങോം ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് അടച്ചു പൂട്ടുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പറഞ്ഞിരുന്നു. ഇതിനെതിരെ സര്‍ക്കാരില്‍ നിന്ന് തന്നെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. കേസുമായി ബന്ധമില്ലാത്ത വിഷയത്തിലായിരുന്നു ജഡ്ജിയുടെ വിമര്‍ശനം എന്നായിരുന്നു പ്രധാന ആക്ഷേപം. മന്ത്രി കെ.സി.ജോസഫും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കാണുകയും ചെയ്തു. ഇതേസമയം, സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ജസ്റ്റിസ് തോമസിന്റെ പരിണഗണനാ വിഷയങ്ങള്‍ മാറ്റാന്‍ നീക്കം നടക്കുന്നതായി ചൂണ്ടിക്കാട്ടി ഒരു വിഭാഗം അഭിഭാഷകര്‍, ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന് പരാതി നല്‍കിയിരുന്നു.