ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിനെ മാറി നൽകിയതായി പരാതി. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പറവൂർ സ്വദേശിനിയുടെ കുഞ്ഞിനെയാണ് മാറി നൽകിയത്. കഴിഞ്ഞ മുപ്പതിന് ജനിച്ച കുഞ്ഞിനെയാണ് മാറിനൽകിയത്.
എൻഐസിയുവിൽ ഉള്ള കുട്ടിയെ മുലപ്പാൽ നൽകാൻ നഴ്‌സ് മാറി നൽകിയെന്നാണ് ആരോപണം. കുഞ്ഞിനെ മുലപ്പാൽ നൽകാൻ മറ്റൊരാൾക്ക് നൽകിയെന്നാണ് പറവൂർ സ്വദേശിനിയുടെ ആരോപണം. മുലപ്പാൽ നൽകാനായി അമ്മ എത്തിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് അറിഞ്ഞത്. പിന്നാലെയാണ് മറ്റൊരാൾക്ക് കുഞ്ഞിനെ പാലൂട്ടാൻ നൽകിയെന്ന് മനസിലായത്.
അമ്മ പരാതിയുമായി വന്നതോടെയാണ് വിവരം ആശുപത്രി അധികൃതർ അറിയുന്നത്. കുഞ്ഞിന്റെ കൈയിലെ ടാഗ് നഷ്ടപ്പെട്ടതാണ് മാറിനൽകാൻ കാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.