ടിവികെ റാലി ; മരിച്ചവരുടെ എണ്ണം 38 കടന്നു ; റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ; പ്രതികരിക്കാതെ ചെന്നൈയിലേക്ക് മടങ്ങി വിജയ്

ചെന്നൈ : തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) മേധാവിയും നടനുമായ വിജയ് നേതൃത്വം നൽകിയ റാലിക്കിടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 36 കടന്നു. 70ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് സൂചന. അപകടത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തമിഴ്നാട് സർക്കാരിനോട് റിപ്പോർട്ട് തേടി.

തമിഴ്നാട്ടിൽ ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട് മുഖ്യമന്ത്രിയുമായും ഗവർണറുമായും നേരിട്ട് സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ മരിച്ചവർക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം നൽകും.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജി അരുണ ജഗദീശന്റെ നേതൃത്വത്തിൽ ഒരു അന്വേഷണ കമ്മീഷൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ കരൂർ ജില്ലയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ടെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് രാഷ്ട്രപതി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.