കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും രാഷ്ട്രീയ അസ്ഥിരതയിലും വലയുന്ന പാകിസ്ഥാനിൽ, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ആഡംബരയാത്രയാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. രാജ്യത്തെ പൗരന്മാർ ദാരിദ്ര്യവും പട്ടിണിയും കാരണം വലയുമ്പോൾ, പാകിസ്ഥാൻ വ്യോമസേനയുടെ ഒരു എയർ ആംബുലൻസ് വിമാനത്തെ അത്യാധുനിക സൗകര്യങ്ങളുള്ള വിഐപി ജെറ്റായി മാറ്റിയതാണ് ഈ പ്രതിഷേധത്തിന് കാരണം. ഈ സംഭവം പാകിസ്ഥാനിലെ സാധാരണ ജനങ്ങളും ഭരണവർഗവും തമ്മിലുള്ള അകലം കൂടുതൽ വർദ്ധിപ്പിക്കുന്നത്.
2022 മെയ് മാസത്തിൽ പാകിസ്ഥാൻ വ്യോമസേന ഏറ്റെടുത്ത എയർബസ് 319 (A-1102) യഥാർത്ഥത്തിൽ ഒരു എയർ ആംബുലൻസായിട്ടാണ് ഉപയോഗിച്ചിരുന്നത്. 2024 ജൂലൈയിൽ പാകിസ്ഥാൻ പർവതാരോഹകയായ സമീന ബെയ്ഗിനെ സ്കാർഡുവിൽ നിന്ന് റാവൽപിണ്ടിയിലേക്ക് ഒഴിപ്പിക്കാൻ ഈ വിമാനം ഉപയോഗിച്ചിരുന്നു. എന്നാൽ, എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധുവിന്റെ അനുമതിയോടെ ഈ വിമാനം പ്രധാനമന്ത്രിക്കായി ആഡംബര ജെറ്റായി മാറ്റുകയായിരുന്നു.