ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി രംഗത്ത്. വോട്ട് കൊള്ള നടത്തുന്നവരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഹൈഡ്രജൻ ബോംബ് വരുന്നേയുള്ളൂ എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. തെളിവുകൾ നിരത്തിയാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുക്കുന്നത്.
പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാക്കുകയാണ്. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യ തിഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ട് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
‘ചില വിഭാഗങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ തെളിവുകളുണ്ട്. 100 ശതമാനം ഉറപ്പ് ഉള്ളത് മാത്രമാണ് പറയുന്നത് കര്‍ണാടകയില്‍ നിന്നുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. അലന്ത് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ വെട്ടാന്‍ ശ്രമിച്ചു’, രാഹുല്‍ പറഞ്ഞു. രാജ്യത്തിന് എതിരായി താന്‍ ഒന്നും പറയുന്നില്ലെന്നും തെളിവുകളാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഎല്‍ഒയുടെ ബന്ധുവിന്റെ വോട്ട് വെട്ടിയെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ജയിക്കുന്ന ബൂത്തുകളെ ലക്ഷ്യം വെയ്ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് വിജയിക്കാന്‍ സാധിക്കുന്ന മണ്ഡലത്തിലെ വോട്ട് വെട്ടാന്‍ ശ്രമിച്ചു. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരെ ആസൂത്രിതമായി വെട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതിനായി ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചു. ആരുടെ നമ്പറുകളാണ് ഇത്?’ രാഹുല്‍ ഗാന്ധി പറഞ്ഞു. നീക്കിയ വോട്ടര്‍മാരെ വാര്‍ത്താ സമ്മേളനത്തിലെത്തിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.