തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഫണ്ട് സമാഹരണം നേരത്തേ നടത്താൻ കോൺഗ്രസ്. വാർഡുകൾ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാനാണ് കോൺഗ്രസ് നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്. ഓരോ വാർഡിൽ നിന്നും 60,000 രൂപ പിരിച്ചെടുക്കാനാണ് നിർദ്ദേശം. ഇതിന്റെ പത്തുശതമാനം ഡിസിസിക്ക് നൽകണമെന്നും ബാക്കി തുക അതത് വാർഡുകളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണം എന്നുമാണ് നിർദ്ദേശം.
പണം നേതാക്കളുടെ കൈവശം സൂക്ഷിക്കുന്നതിനും വിലക്കുണ്ട്. ബാങ്ക് അക്കൗണ്ടിൽ വേണം പിരിച്ചെടുക്കുന്ന പണം സൂക്ഷിക്കാൻ. ഇതിനായി മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് സംയുക്ത ബാങ്ക് അക്കൗണ്ട് ആരംഭിക്കണം. ഈ അക്കൗണ്ടിലാകും പിരിച്ചെടുക്കുന്ന തുക സൂക്ഷിക്കുക.