ചെങ്കോട്ടയിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച അഞ്ച് ബം​ഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെഅറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ചെങ്കോട്ടയിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച അഞ്ച് ബം​ഗ്ലാദേശികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപതിനും ഇരുപത്തഞ്ചിനും ഇടയിൽ പ്രായമുള്ള യുവാക്കളാണ് അറസ്റ്റിലായത്. ഇവർ അനധികൃതമായി ഇന്ത്യയിലെത്തിയവരാണെന്നും ഇവിടെയെത്തിയ ശേഷം പലവിധ ജോലികൾ ചെയ്തുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

അഞ്ച് ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. എല്ലാവരും നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്നും പൊലീസ് പറഞ്ഞു. ചെങ്കോട്ട പരിസരത്ത് ബലമായി പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇവരെ പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇവരിൽ നിന്ന് ചില ബംഗ്ലാദേശി രേഖകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. നിലവിൽ അവരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.

അതേസമയം ഓഗസ്റ്റ് 15ന് നടക്കാനിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ഡൽഹി പൊലീസ് നടത്തിയ മോക് ഡ്രില്ലിനിടെ ഡമ്മി ബോംബ് കണ്ടെത്താൻ സാധിക്കാത്തതിൽ നടപടി എടുത്തു. ശനിയാഴ്ച നടന്ന മോക് ഡ്രില്ലിനിടെ ‘ഡമ്മി ബോംബുമായി’ ഒരാൾ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഈ ‘ഡമ്മി ബോംബ്’ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾമാരും കോൺസ്റ്റബിൾമാരും ഉൾപ്പെടെ 7 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

അതിനിടെ ഹരിയാനയിൽ അനധികൃതമായി താമസിച്ചിരുന്ന 10 ബംഗ്ലദേശി പൗരൻമാർ അറസ്റ്റിലായി. ഗുരുഗ്രാം പൊലീസ് ആണ് ശനിയാഴ്ച ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് കണ്ടെടുത്ത തിരിച്ചറിയൽ രേഖകളിൽനിന്ന് ബംഗ്ലദേശി പൗരത്വം സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായവരെ ഉടൻ നാടുകടത്തുമെന്നും പൊലീസ് അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.