ഡൽഹി: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന അവകാശവാദം കേന്ദ്ര വിദേശകാര്യ മന്ത്രാലയം വീണ്ടും തള്ളി. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉന്നയിച്ച
വാദം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ഈ വിഷയം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു. തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് കേസിന് ഗുണകരമല്ലെന്നും മന്ത്രാലയം അറിയിച്ചു.
നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ സുഹൃദ് രാജ്യങ്ങളുടെ സഹായത്തോടെ നിരന്തര ശ്രമങ്ങൾ തുടരുകയാണെന്ന് ജയ്സ്വാൾ അറിയിച്ചു. ഈ ശ്രമങ്ങളുടെ ഫലമായാണ് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാൻ
കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും വൈകാരികമായ ഈ വിഷയത്തിൽ കേന്ദ്രത്തിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. നിമിഷപ്രിയയുടെ കേസ് അതീവ ഗൗരവമുള്ളതാണെന്നും, സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ജെയ്സ്വാൾ പറഞ്ഞു.