ന്യൂഡൽഹി: 2008-ലെ മാലേഗാവ് സ്ഫോടനക്കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതിവിധിയെ സ്വാഗതം ചെയ്ത് ബിജെപി. നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വളർച്ച തടയാൻ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ “ഹിന്ദു ഭീകരത” എന്ന പേരിൽ ഒരു ആഖ്യാനം കെട്ടിച്ചമച്ചതാണെന്ന് ബിജെപി ആരോപിച്ചു. ബിജെപി നേതാവ് രവിശങ്കർ പ്രസാദ് ഈ വിധിയെ “ചരിത്രപരമായ ദിനം” എന്ന് വിശേഷിപ്പിച്ചു. കുറ്റവിമുക്തരാക്കപ്പെട്ട മുൻ ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂർ, ലെഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് എന്നിവർക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രോസിക്യൂഷൻ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“കോൺഗ്രസ് അവരുടെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താൻ വേണ്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നു ഈ കേസ്,” പ്രസാദ് പറഞ്ഞു. മാലേഗാവ് വിധിയെക്കുറിച്ച് വിമർശനം ഉന്നയിച്ച രാഹുൽ ഗാന്ധിക്ക് മറുപടിയും രവിശങ്കർ പ്രസാദ് നൽകി. 2010-ലെ വിക്കിലീക്സ് കേബിളിനെ ഉദ്ധരിച്ച്, “തീവ്ര ഹിന്ദു ഗ്രൂപ്പുകൾ ഭീകര സംഘടനയായ എൽഇടിയെക്കാൾ അപകടകാരികളാകാം” എന്ന് രാഹുൽ ഗാന്ധി അമേരിക്കൻ അംബാസഡറോട് പറഞ്ഞതായി അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മാപ്പ് പറയണമെന്നും പ്രസാദ് ആവശ്യപ്പെട്ടു.