കണ്ണൂർ: ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനിയുടെ പരോൾ റദ്ദാക്കി. വയനാട് മീനങ്ങാടി സി.ഐ.യുടെ റിപ്പോർട്ടിനെ തുടർന്നാണ് ഈ നടപടി. കൊടി സുനിയെ വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചെത്തിച്ചു. ജൂലൈ 21-നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. എന്നാൽ, മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ സുനി ലംഘിക്കുകയായിരുന്നു.
അതേസമയം, കൊലക്കേസ് പ്രതിയായ കൊടി സുനിക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ മൂന്ന് സിവിൽ പോലീസുകാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 17-നാണ് സംഭവം. തലശ്ശേരി കോടതിയിൽ നിന്ന് വരുന്ന വഴി ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വെച്ചാണ് പോലീസുകാർ പ്രതിക്ക് മദ്യം നൽകാൻ ഒത്താശ ചെയ്തത്. സംഭവം പുറത്തുവന്നതോടെ പോലീസുകാർക്കെതിരെ ശക്തമായ നടപടിയെടുക്കുകയായിരുന്നു.