ഗസ്സ സിറ്റി: വിശന്നുവലഞ്ഞ് നിൽക്കുന്ന പട്ടിണിപ്പാവങ്ങൾക്ക് നേരേ വീണ്ടും വെടിയുതിർത്ത് ഇസ്രായേൽ സേന. ഗസ്സയിൽ ഭക്ഷണം തേടി വന്ന 71 പേരെ കൂടി ഇസ്രായേൽ സേന വെടിവെച്ച് കൊന്നു. ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. സഹായവിതരണ വാഹനങ്ങൾ കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ വിവിധ കേന്ദ്രങ്ങളിൽ ആസൂത്രിതവെടിവെപ്പായിരുന്നു നടന്നത്. പലർക്കും തലക്കും നെഞ്ചിലുമാണ് വെടിയേറ്റതെന്ന് ദൃക് സാക്ഷികൾ അറിയിച്ചു. അമേരിക്കൻ പങ്കാളിത്തത്തോടെ ഇസ്രായേൽ നടപ്പാക്കിയ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻറെ ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ നിത്യവും ഫലസ്തീൻ കുരുതിനിലങ്ങളായി മാറുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഗസ്സയിലെ ഭക്ഷ്യവിതരണത്തിന് ചുമതലപ്പെടുത്തിയ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫണ്ടേഷന് എന്ത് മുൻകാല അനുഭവപരിചയമാണുള്ളതെന്ന് വ്യക്തമാക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോക്ക് നൽകിയ കത്തിൽ 93 ഡമോക്രാറ്റിക് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഗസ്സയിലെ സ്ഥിതി നിരീക്ഷിക്കാനും ഭാവി നടപടി സ്വീകരിക്കാനും അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് ഇന്ന് ഇസ്രായേലിൽ എത്തും.
ഗസ്സയിൽ പൂർണതോതിൽ സഹായം ഉറപ്പാക്കാതെ വെടിനിർത്തൽ ചർച്ചക്കില്ലെന്ന് ഹമാസ് അറിയിച്ചതായി ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ജറൂസലം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.ഗസ്സയിൽ ഏഴു പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ പട്ടിണി കാരണം കൊല്ലപ്പെട്ടവരുടെ എണ്ണം 154 ആയി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കാനുള്ള ഫ്രാൻസിൻറെയും ബ്രിട്ടൻറെയും നീക്കം ഹമാസിന് കൂടുതൽ ഉത്തേജനം പകരുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൻ സാർ കുറ്റപ്പെടുത്തി. വെടിനിർത്തലിന് ഇസ്രായേൽ സമ്മതിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബ്രിട്ടൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.