മലപ്പുറം സ്വദേശി മരിച്ചത് നിപ ബാധിച്ചെന്ന് പ്രാഥമിക നിഗമനം; സമാന ലക്ഷണങ്ങളുള്ള യുവതി ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: മലപ്പുറം മങ്കട സ്വദേശിനി മരിച്ചത് നിപ ബാധിച്ചെന്ന് സംശയം. പ്രാഥമിക പരിശോധനയിലാണ് പതിനെട്ടുകാരിക്ക് നിപ ബാധയെന്ന് കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി സാംപിള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് .

കഴിഞ്ഞമാസം 28നാണ് പെണ്‍കുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. ഈ മാസം ഒന്നാം തീയതിയാണ് പെണ്‍കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. നിപ സംശയത്തെത്തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറും മറ്റ് ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിച്ചു.

അതേസമയം, നിപ ലക്ഷണങ്ങളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാംപിള്‍ ഫലം ഇന്ന് വരും. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായിരുന്നു.

പാലക്കാട് നാട്ടുകല്‍ സ്വദേശിനിയായ 38കാരിയാണ് ചികിത്സയിലുള്ളത്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെന്നാണ് വിവരം. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്.

© 2025 Live Kerala News. All Rights Reserved.