ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്തതെന്ന് മുഖ്യപ്രതി നൗഷാദ്; കൊലപാതകം തന്നെയെന്ന് പൊലീസ്; നൗഷാദ് ഉടന്‍ വലയിലാകും

കോഴിക്കോട്: വയനാട്ടിലെ ബത്തേരിയില്‍ നിന്ന് കാണാതായ ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്തതെന്ന് വിദേശത്തുളള മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന്റേത് ആത്മഹത്യയാണ് എന്നാണ് നൗഷാദ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. കൊലപാതകം എന്ന് പറയുന്നത് തന്നെ തെറ്റാണെന്നും മൃതദേഹം കണ്ടപ്പോള്‍ മറ്റ് വഴിയില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞത് അനുസരിച്ചാണ് കുഴിച്ചിട്ടതെന്നും നൗഷാദ് പറയുന്നു. ചെയ്ത തെറ്റിന് ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും നാട്ടിലെത്തി പൊലീസില്‍ കീഴടങ്ങുമെന്നും നൗഷാദ് പറഞ്ഞു.

‘ഹേമചന്ദ്രന്‍ എനിക്കും സുഹൃത്തുക്കള്‍ക്കും ഉള്‍പ്പെടെ പണം നല്‍കാനുണ്ട്. മുപ്പതോളം പേര്‍ക്ക് പണം കൊടുക്കാനുണ്ട് എന്ന് ഹേമചന്ദ്രന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും പൈസ കിട്ടാന്‍ വേണ്ടി ഒരുമിച്ച് പോയതാണ്. എഗ്രിമെന്റ് തയ്യാറാക്കിയ ശേഷം ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചതാണ്. എന്നാല്‍ ഹേമചന്ദ്രന്‍ തിരിച്ചെത്തി മൈസൂരില്‍ നിന്നും പൈസ കിട്ടാനുണ്ട് എന്ന് പറഞ്ഞു. ഒരുദിവസം കൂടി വീട്ടില്‍ കിടക്കാന്‍ അനുവാദം ചോദിച്ചു. ഭക്ഷണം വാങ്ങിക്കൊടുത്തിരുന്നു. രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇങ്ങനെയാണ് നൗഷാദ് പറയുന്നത്. എന്നാല്‍ നൗഷാദിന്റെ വാദം പൊലീസ് തള്ളി.

ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെയാണ് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തെറ്റുപറ്റിപ്പോയെന്ന് അന്വേഷണ സംഘത്തിന് നൗഷാദ് വാട്ട്‌സാപ്പ് സന്ദേശം അയച്ചിരുന്നെന്നും നൗഷാദിന്റെ വിസിറ്റിംഗ് വിസയുടെ കാലാവധി ഈ മാസം എട്ടിന് അവസാനിക്കുമെന്നും പൊലീസ് വ്യക്തമാക്കി. നൗഷാദ് വൈകാതെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. കേസില്‍ രണ്ട് സ്ത്രീകളെക്കൂടി പ്രതിചേര്‍ക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.

© 2025 Live Kerala News. All Rights Reserved.