ന്യൂഡല്‍ഹി: വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ശിക്ഷാ വിധി സുപ്രീംകോടതി മരവിപ്പിച്ചതോടെ ജാമ്യം ലഭിച്ചു.
ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തിന് പിന്നാലെയായിരുന്നു വിസ്മയ ആത്മഹത്യ ചെയ്യുന്നത്.
ജസ്റ്റിസുമാരായ എം എം സുന്ദരേശ്, വിനോദ ചന്ദ്ര ഉള്‍പ്പെട്ട ബെഞ്ചാണ് കിരണിന് ജാമ്യം നല്‍കിയത്. നാലര വര്‍ഷമായി ജയിലിലാണെന്ന വാദം കോടതി അംഗീകരിച്ചു. ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുന്നത് വൈകിപ്പിക്കുന്നത് നീതിനിഷേധമാണെന്ന് ഇയാള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദീപക് പ്രകാശ് ഉയര്‍ത്തിയ വാദവും സുപ്രീം കോടതി അംഗീകരിച്ചു.
10 വര്‍ഷം തടവും 12 ലക്ഷം രൂപ പിഴയുമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ വിധിച്ചത്. ഇത് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ പ്രതി സമീപിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ നടപടി വൈകുന്നതിനിടയിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. ശിക്ഷാ വിധി മരവിപ്പിക്കണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി നിരസിച്ചിരുന്നു. നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് കിരണ്‍കുമാര്‍.
2019 മേയ് 31നായിരുന്നു ബിഎഎംഎസ് വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയും മോട്ടോര്‍ വാഹന വകുപ്പില്‍ എഎംവിഐയായിരുന്ന കിരണ്‍ കുമാറുമായുള്ള വിവാഹം. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും 10 ലക്ഷം രൂപ വിലവരുന്ന കാറും സ്ത്രീധനമായി നല്‍കിയാണ് വിവാഹം നടത്തിയത്.