തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെയ്പ് സമയത്ത് രവാഡ ചന്ദ്രശേഖര്‍ കണ്ണൂര്‍ എഎസ്പിയായിരുന്ന റവാഡ ചന്ദ്രശേഖറെ സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുത്തു. പ്രത്യേക മന്ത്രിസഭായോഗമാണ് രവാഡയെ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തത്. നിലവില്‍ രവാഡ ചന്ദ്രശേഖര്‍ ഐബി സ്‌പെഷല്‍ ഡയറക്ടറാണ്. റവാഡയെ അടുത്തിടെയാണ് കേന്ദ്ര കാബിനറ്റില്‍ സെക്യൂരിറ്റി സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. യുപിഎസ് സി അംഗീകാരം നല്‍കി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ചുരുക്കപ്പട്ടികയില്‍ രണ്ടാമത്തെ പേരുകാരനായിരുന്നു.
രവാഡ ചന്ദ്രശേഖറിന് പുറമെ, സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണര്‍ നിതിന്‍ അഗര്‍വാള്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് മൂന്നംഗ പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. 1991 ബാച്ച് ഉദ്യോഗസ്ഥനായ, രവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായാല്‍ ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും. പൊലീസ് മേധാവിയാക്കിയാല്‍ കേരളത്തിലേക്ക് തിരിച്ചുവരാന്‍ താല്‍പ്പര്യമുണ്ടെന്ന് രവാഡ ചന്ദ്രശേഖര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലേക്കാണ് രവാഡ ചന്ദ്രശേഖറിനെ നിയമിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ നാല്‍പത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖര്‍. കേരളത്തില്‍ ഡിഐജിയായിരിക്കെയാണ് 2008ലാണ് റവാഡ ചന്ദ്രശേഖര്‍ കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോയത്. എഡിജിപിമാരായ സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നിവരുടെ പേരുകളും ഡിജിപി പദവിയിലേക്ക് പരിഗണിക്കാനായി സംസ്ഥാന സര്‍ക്കാര്‍ യുപിഎസ് സിക്ക് അയച്ചു നല്‍കിയിരുന്നു. നറുക്കുവീണത് രവാഡക്കാണെന്ന് മാത്രം.