സൂംബ നൃത്തവുമായി മുന്നോട്ടുപോകും; കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം; ഭൂരിപക്ഷ വര്‍ഗീയതക്ക് ഉത്തേജനം നല്‍കാനുള്ള ശ്രമം കേരളത്തില്‍ നടക്കില്ല

കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയതയുടെ ഏറ്റവും ഭീതിദമായൊരു മുഖമാണ് സൂംബ നൃത്ത വിഷയത്തില്‍ കണ്ടത്. അതൊന്നും പക്ഷേ കേരളത്തില്‍ നടക്കില്ലെന്ന് മാത്രം. വിവരംകെട്ട ചില മതവാദികളായ അധ്യാപകരുടെ ജല്‍പ്പനങ്ങളെ തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം. സ്‌കൂളുകളില്‍ സൂംബ നൃത്തവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സ്‌കൂളില്‍ നടത്തുന്നത് ലഘു വ്യായാമമാണ്. അതില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും രക്ഷിതാക്കള്‍ക്ക് ചോയ്‌സ് ഇല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ടാക്റ്റ് റൂള്‍സ് പ്രകാരം വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അധ്യാപകന് ബാധ്യതയുണ്ട്. ആരും അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ലെന്നും കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ഡാന്‍സ് ചെയ്യുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹിജാബ് അടക്കമുള്ള വസ്ത്രധാരണ രീതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടായപ്പോള്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ഉന്നതമായ ജനാധിപത്യ സാംസ്‌കാരിക നിലപാടാണ് സ്വീകരിച്ചതെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഇവിടെ ചില പ്രസ്ഥാനങ്ങള്‍ ഭൂരിപക്ഷ തീവ്രവാദത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണ്. കേരളം പോലെ ഒരുമയോടെ ജീവിക്കുന്ന സമൂഹത്തില്‍ ഇത്തരത്തില്‍ നിലപാടുകള്‍ ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കേ ഉത്തേജനം നല്‍കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് കുട്ടികളില്‍ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും പോസിറ്റിവ് ചിന്തയും പകര്‍ത്താന്‍ സഹായിക്കും. ഇത് അവരുടെ പഠനത്തെയും വ്യക്തിത്വവികാസത്തെയും ബാധിക്കും. സംസ്ഥാനത്തെ 90ശതമാനം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സൂംബ അടക്കമുള്ള കായിക ഇനങ്ങളുടെ റിഹേഴ്‌സല്‍ നടക്കുകയാണ്. ഇത്തരം കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ആരോഗ്യകായിക നിര്‍ബന്ധപാഠ്യവിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. സൂംബയുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍.

© 2025 Live Kerala News. All Rights Reserved.